| Tuesday, 26th December 2023, 10:44 am

കോഹ്‌ലിക്ക് മുന്നില്‍ വീണ് സച്ചിനും; ഈ റെക്കോഡാണ് ഇന്ത്യയുടെ കരുത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി-20 പരമ്പര 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയും പിന്നീട് നടന്ന ഏകദിന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ആദ്യമായി ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്.

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് റെക്കോഡുകളാണ് ഇന്ത്യക്ക് മത്സരത്തില്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്നത്. സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റില്‍ 50ന് മുകളില്‍ ആവറേജ് ഉള്ള ഏക ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയാണ്. 51.35 ആണ് സൗത്ത് ആഫ്രിക്കയില്‍ വിരാടിന്റെ ആവറേജ്.

കോഹ്‌ലിക്ക് പിന്നില്‍ 46.44 ശരാശരിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് രണ്ടാം സ്ഥാനത്തുള്ളത്. 40.42 ആവറേജുമായി വി.വി.എസ് ലക്ഷ്മണനാണ് മൂന്നാം സ്ഥാനത്ത്.

സൗത്താഫ്രിക്കന്‍ മണ്ണില്‍ 14 മത്സരങ്ങളില്‍ നിന്നും 719 റണ്‍സാണ് വിരാട് കോഹ്‌ലി നേടിയിട്ടുള്ളത്. ഇതില്‍ രണ്ട് സെഞ്ച്വറികളും മൂന്ന് അര്‍ധസെഞ്ച്വറികളും കോഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്.

കോഹ്‌ലിയുടെ ബാറ്റിങ്ങിലെ ഈ മിന്നും ഫോം ഈ ടെസ്റ്റിലും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Virat Kohli’s the only Indian batter to average above 50 in South Africa.

We use cookies to give you the best possible experience. Learn more