| Friday, 4th August 2023, 10:56 am

എറ്റവുമധികം റണ്‍സ്, ആവറേജ്, M.O.M, M.O.S ഫിഫ്റ്റി, ബൗണ്ടറി... പക്ഷേ പത്ത് മാസമായി ടീമിലില്ല

സ്പോര്‍ട്സ് ഡെസ്‌ക്

തങ്ങളുടെ 200ാം അന്താരാഷ്ട്ര ടി-20 മത്സരത്തിനാണ് ഇന്ത്യ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിലേക്കിറങ്ങിയത്. 2006ല്‍ സൗത്ത് ആഫ്രിക്കക്കക്കെതിരെ ജോഹനാസ്‌ബെര്‍ഗില്‍ കളിച്ചുതുടങ്ങിയ ഇന്ത്യ മറ്റൊരു നേട്ടത്തിലേക്കാണ് കഴിഞ്ഞ ദിവസം കാലെടുത്ത് വെച്ചത്.

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമില്ലാതെ യുവതാരങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ഇന്ത്യയുടെ 200ാം മത്സരത്തിന് മുമ്പ് ചില കണക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ അന്താരാഷ്ട്ര ടി-20 നേട്ടങ്ങളാണ് ചര്‍ച്ചയായത്. ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയതുമുതല്‍ നിരവധി റെക്കോഡുകളാണ് വിരാടിന്റെ പേരിലുള്ളത്.

2010ലാണ് വിരാട് കോഹ്‌ലി ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. അവിടുന്നിങ്ങോട്ട് 115 മത്സരത്തിലെ 107 ഇന്നിങ്‌സില്‍ നിന്നുമായി 4,008 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. 4,000 അന്താരാഷ്ട്ര ടി-20 റണ്‍സ് പിന്നിടുന്ന ഏക ഇന്ത്യന്‍ താരവും ഏക താരവും വിരാട് തന്നെയാണ്.

52.73 എന്ന ആവറേജിലും 137.96 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വിരാട് റണ്‍സ് നേടിയത്. ഇന്ത്യന്‍ നിരയിലെ മാത്രമല്ല അന്താരാഷ്ട്ര ടി-20 മത്സരത്തിലെ ഏറ്റവും മികച്ച ആവറേജാണിത്.

ഒരു തവണ മാത്രമാണ് വിരാട് ടി-20യില്‍ മൂന്നക്കം കണ്ടത്. അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 122 ആണ് വിരാടിന്റെ ടോപ് സ്‌കോര്‍. എന്നാല്‍ അര്‍ധ സെഞ്ച്വറി കണക്കില്‍ വിരാട് പുലിയാണ്. 37 തവണ അന്താരാഷ്ട്ര തലത്തില്‍ അര്‍ധ സെഞ്ച്വറി തികച്ച വിരാട് തന്നെയാണ് ഈ പട്ടികയിലെ ഒന്നാമന്‍.

അര്‍ധ സെഞ്ച്വറിയുടെ കണക്കില്‍ രണ്ടാമതുള്ള ബാബര്‍ അസമിനേക്കാള്‍ ഏഴ് ഫിഫ്റ്റിയാണ് വിരാടിന് അധികമായുള്ളത്. ഇന്ത്യന്‍ താരങ്ങളുടെ കണക്കെടുമ്പോള്‍ രണ്ടാമന്‍ രോഹിത് ശര്‍മയാണ്. 29 അര്‍ധ സെഞ്ച്വറിയാണ് രോഹിത്തിനുള്ളത്.

സിക്‌സറുകളുടെ കണക്കില്‍ ഏഴാം സ്ഥാനത്താണെങ്കിലും ബൗണ്ടറി കണക്കില്‍ വിരാട് ഒന്നാമതാണ്. 356 തവണയാണ് വിരാടിന്റെ ബാറ്റില്‍ നിന്നും ബൗണ്ടറി പിറന്നത്.

ടി-20യില്‍ 15 തവണയാണ് വിരാട് മാന്‍ ഓഫ് ദി മാച്ച് നേടിയത്. ഇന്ത്യന്‍ താരങ്ങളുടെ പട്ടികയെടുക്കുമ്പോഴും അന്താരാഷ്ട്ര തലത്തിലെ പട്ടികയെടുക്കുമ്പോഴും വിരാട് തന്നെയാണ് ഒന്നാമന്‍. 14 തവണ മാന്‍ ഓഫ് ദി മാച്ച് നേടിയ മുഹമ്മദ് നബിയാണ് രണ്ടാമതുള്ളത്. 12 തവണ എം.ഒ.എം നേട്ടവുമായി രോഹിത് ശര്‍മയാണ് പട്ടികയിലെ മൂന്നാമന്‍.

മാന്‍ ഓഫ് ദി സീരീസിലും വിരാടിനെ കവച്ചുവെക്കാന്‍ ആരുമില്ല. ഏഴ് തവണയാണ് വിരാട് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് പുരസ്‌കാരവുമായി ബാബര്‍ അസമാണ് രണ്ടാമന്‍. മൂന്ന് തവണ ഈ നേട്ടം കൈവരിച്ച സൂര്യകുമാര്‍ യാദവാണ് പട്ടികയിലെ രണ്ടാമത് ഇന്ത്യന്‍ താരം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിരാട് ടി-20 ഫോര്‍മാറ്റില്‍ ഒരു മത്സരം കളിച്ചിട്ട് നാളേറെയായി. കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയാണ് വിരാട് അവസാനമായി അന്താരാഷ്ട്ര ടി-20 കളിച്ചത്. അന്ന് വിരാട് അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.

Content highlight: Virat Kohli’s t20 records

We use cookies to give you the best possible experience. Learn more