തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പങ്കുവെച്ച പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിരമിക്കലിന്റെ സൂചനയാണോ ഈ പോസ്റ്റിലൂടെ വിരാട് നല്‍കുന്നകതെന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്.
കഴിഞ്ഞ ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 12 മത്സരത്തില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ ഇന്നിങ്‌സിന്റെ ചിത്രമാണ് വിരാട് പങ്കുവെച്ചത്. മത്സരത്തില്‍ 53 പന്തില്‍ നിന്നും പുറത്താകാതെ 82 റണ്‍സാണ് താരം നേടിയത്. അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തില്‍ വിരാട് ഇന്ത്യയുടെ രക്ഷകനാകുകയായിരുന്നു.
‘2022 ഒക്ടോബര്‍ 23ന് എന്നും എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടായിരിക്കും. ക്രിക്കറ്റില്‍ ഇതിന് മുമ്പ് ഇത്തരത്തിലുള്ള ഒരു എനര്‍ജി എനിക്ക് അനുഭവപ്പെട്ടിരുന്നില്ല. എത്ര അനുഗ്രഹീതമായ സായാഹ്നമായിരുന്നു അത്,’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.
ഏറ്റവുമൊടുവില്‍ കളിച്ച ഒരു മത്സരത്തിന് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടയിരിക്കുമെന്ന് എഴുതിയതാണ് വിരാട് വിരമിക്കുമെന്ന ആശങ്ക ആരാധകരിലുണ്ടാക്കുന്നത്.
ധോണിയുടെ വഴിയെ സമൂഹമാധ്യമങ്ങള്‍ വഴി വിരമിക്കല്‍ പ്രഖ്യാപിക്കാനാണോ വിരാട് ഒരുങ്ങുന്നതെന്നാണ് അഭ്യൂഹങ്ങളുയരുന്നത്. 2020 ആഗസ്റ്റ് 15ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വിരാട് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് നിരാശ വ്യക്തമാക്കുന്നത്.
ഈ ചിത്രം പങ്കുവെച്ച് ഇങ്ങനെയൊന്നും കുറിക്കരുതെന്നും എല്ലാവരും ഭയന്നിരുന്ന ആര്‍ വേര്‍ഡ് ആണോ വിരാട് പറയുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.
താരത്തിന്റെ പോസ്റ്റിന് കമന്റായും ആരാധകര്‍ ഇക്കാര്യം ചോദിക്കുന്നുണ്ട്.
എന്നാല്‍, വിരാടിന്റെ ഭാഗത്ത് നിന്നോ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നോ വിരമിക്കലിനെ കുറിച്ചുള്ള ഒരു പ്രഖ്യാപനവും വന്നിട്ടില്ല.
ടി-20 ഫോര്‍മാറ്റിന് പുതുജീവന്‍ നല്‍കാന്‍ സീനിയര്‍ താരങ്ങളെ ഒഴിവാക്കി യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന തരത്തിലുള്ള പ്രഖ്യാപനം ബി.സി.സി.ഐ വൃത്തങ്ങള്‍ നേരത്തെ നടത്തിയിരുന്നു. ഇത് മുന്നില്‍ കണ്ടാണ് താരം ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
എന്നാല്‍ അതല്ല, അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാനാണ് വിരാട് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്നും ആരാധകര്‍ പറയുന്നു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വിരാട് കോഹ്‌ലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. ടി-20 പരമ്പരയും ഏകദിന പരമ്പരയുമാണ് ഇന്ത്യ – ന്യൂസിലാന്‍ഡ് സീരീസിലുള്ളത്. ഇതിലെ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ തോല്‍വിയേറ്റുവാങ്ങിയതോടെ 1-0ന് പിന്നിലാണ് ഇന്ത്യ.
വരാനിരിക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലാണ് വിരാട് ഇനി കളിക്കുക.
Content Highlight: Virat Kohli’s social media posts spark retirement rumours