| Monday, 3rd October 2022, 9:37 am

നിങ്ങള്‍ക്കിവന്‍ അഹങ്കാരിയായിരിക്കാം, എന്നാല്‍ കഴിഞ്ഞ ദിവസം വിരാട് ചെയ്തത് ഒരുപക്ഷേ ലോകത്തിലെ ഒരു ബാറ്ററും ചെയ്യില്ല; മനം നിറച്ച് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ഇതാദ്യമായാണ് സൗത്ത് ആഫ്രിക്കയെ ഇന്ത്യ ടി-20 പരമ്പരയില്‍ പരാജയപ്പെടുത്തുന്നത്.

ഇന്ത്യക്കായി കഴിഞ്ഞ ദിവസം കളത്തിലിറങ്ങിയ എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ ബാറ്റിങ് ഡിപ്പാര്‍ട്‌മെന്റിന്റെ പ്രകടനം വരാനിരിക്കുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ആരാധകര്‍ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല.

രോഹിത്തും രാഹുലും വിരാടും സൂര്യകുമാറും ഫിനിഷറുടെ റോളില്‍ തിളങ്ങിയ ദിനേഷ് കാര്‍ത്തിക്കും ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനം തന്നെ കാഴ്ചവെച്ചു. രാഹുലും സൂര്യകുമാറും അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ഫിഫ്റ്റിക്ക് ഒരു റണ്‍സ് മാത്രമകലെ പുറത്താവാതെ നിന്നു.

28 പന്തില്‍ നിന്നും 49 റണ്‍സുമായാണ് താരം പുറത്താകാതെ നിന്നത്. എന്നാല്‍ അര്‍ധ സെഞ്ച്വറി തികക്കാനുള്ള അവസരം വിരാടിന് ഉണ്ടായിരുന്നിട്ടും, ദിനേഷ് കാര്‍ത്തിക് അത് വെച്ച് നീട്ടിയിട്ടും വിരാട് നിരസിക്കുകയായിരുന്നു.

വിരാടിനായി സ്‌ട്രൈക്ക് കൈമാറാനൊരുങ്ങിയ ദിനേഷ് കാര്‍ത്തിക്കിനോട് വിരാട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. വ്യക്തിഗത നേട്ടമല്ല ടീമിന്റെ നേട്ടമാണ് തനിക്ക് ഏറെ പ്രധാനമെന്ന് വിരാട് ഒരിക്കല്‍ക്കൂടി തെളിയിച്ച മൊമെന്റായിരുന്നു അത്.

വ്യക്തിഗത നേട്ടത്തിന് മാത്രമായി സെല്‍ഫിഷ് ഇന്നിങ്‌സ് കളിക്കുന്ന പല താരങ്ങളും കണ്ടുപഠിക്കേണ്ട പ്രവര്‍ത്തിയാണ് വിരാട് കഴിഞ്ഞ ദിവസം കാഴ്ചവെച്ചത്.

താരത്തിന്റെ ഈ സെല്‍ഫ് ലെസ് മനോഭാവത്തിന്റെ വീഡിയോ ബി.സി.സി.ഐയും പങ്കുവെച്ചിട്ടുണ്ട്. റണ്ണൊഴുക്കിനിടയിലെ ഏറെ പ്രത്യേകതയുള്ള നിമിഷം എന്ന ക്യാപ്ഷനോടെയാണ് ബി.സി.സി.ഐ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

പലരുടെയും മനസിലെ അഹങ്കാരിയും ചീത്തക്കുട്ടിയുമായ വിരാട് താനൊരു യഥാര്‍ത്ഥ ക്രിക്കറ്ററാണെന്ന് ലോകത്തിന് മുമ്പില്‍ തെളിയിച്ച നിമിഷം കൂടിയായിരുന്നു അത്.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ സീരീസ് 2-0ന് മുമ്പിലെത്താനും പരമ്പര സ്വന്തമാക്കാനും ഇന്ത്യക്കായി.

16 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 96 റണ്‍സാണ് പിറന്നത്. 37 പന്തില്‍ നിന്നും 43 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്.

മികച്ച പ്രകടനം കാഴ്ചവെച്ച് രാഹുലും പുറത്തായി. 28 പന്തില്‍ നിന്നും 57 റണ്‍സുമായാണ് താരം പുറത്തായത്. നാലാമനായി ഇറങ്ങിയ സൂര്യകുമാറിന്റെ വെടിക്കെട്ടാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 22 പന്തില്‍ നിന്നും 61 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഫിനിഷറുടെ റോളില്‍ ഇറങ്ങിയ ദിനേഷ് കാര്‍ത്തിക്കും മോശമാക്കിയില്ല. ഏഴ് പന്തില്‍ നിന്നും 17 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ 20 ഓവറില്‍ 237 റണ്‍സിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ ബാവുമയും റിലി റൂസോയും വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ ഡി കോക്കും മില്ലറും കത്തിക്കയറി.

48 പന്തില്‍ നിന്നും 69 റണ്‍സുമായി ഡി കോക്ക് പുറത്തായപ്പോള്‍ കേവലം 47 പന്തില്‍ നിന്നും 106 റണ്‍സുമായി കില്ലര്‍ മില്ലര്‍ പുറത്താകാതെ നിന്നു. 19 പന്തില്‍ നിന്നും 33 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രമും മികച്ച പിന്തുണയാണ് നല്‍കിയത്. എങ്കിലും വിജയിക്കാന്‍ ഇതൊന്നും പോരാതെ വരികയായിരുന്നു.

ഒക്ടോബര്‍ നാലിനാണ് അടുത്ത മത്സരം. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയമാണ് വേദി. പരമ്പര വൈറ്റ് വാഷ് ചെയ്യാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ മുഖം രക്ഷിക്കാനാവും സൗത്ത് ആഫ്രിക്ക ഇറങ്ങുന്നത്.

Content highlight: Virat Kohli’s selfless moment, India vs South Africa 2nd T20

We use cookies to give you the best possible experience. Learn more