മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള റെസ്‌റ്റോറന്റ് ശൃംഖലയ്‌ക്കെതിരെ പരാതിയുമായി ലൈംഗിക ന്യൂനപക്ഷങ്ങളുടെ സംഘടന.
കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്യൂണ്‍ എന്ന റെസ്‌റ്റോറന്റുകളില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്ന് യെസ്, വീ എക്‌സിസ്റ്റ് സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.
പൂനെ, ദല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലാണ് കോഹ്‌ലിയ്ക്ക് റെസ്റ്റോറന്റുകള്‍ ഉള്ളത്.
‘എല്‍.ജി.ബി.ടി.ക്യു.ഐ.എപ്ലസ് ആളുകള്‍ക്ക് വിരാട് നടത്തുന്ന റെസ്റ്റോറന്റില്‍ പ്രവേശനം അനുവദിക്കുന്നില്ല. രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് ഞങ്ങള്‍ അവര്‍ക്ക് മെസേജ് ചെയ്തിരുന്നു. പക്ഷേ, ഒരു മറുപടിയും ഉണ്ടായില്ല,’ യെസ്, വീ എക്‌സിസ്റ്റ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നു.
ഹെട്രോസെക്ഷ്വല്‍ ദമ്പതിമാര്‍ക്കും സിസ്‌ജെന്‍ഡറില്‍ തന്നെ ജീവിക്കുന്ന സ്ത്രീകള്‍ക്കും മാത്രമേ പ്രവേശനമുള്ളൂ എന്നാണ് പൂനെ റെസ്റ്റോറന്റില്‍ നിന്ന് അറിയിച്ചതെന്നും സംഘടന പറയുന്നു.