ഐ.പി.എല്ലിലെ ഏറ്റവും ഭാഗ്യം കെട്ട ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ റോയല്‍ ചലഞ്ചേഴ്‌സിന് ഈ 15 വര്‍ഷത്തിനിടക്ക് ഒരിക്കല്‍ പോലും കപ്പില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. പല തവണ കപ്പിനടുത്ത് വരെയെത്തിയെങ്കിലും കാലിടറി വീഴാന്‍ മാത്രമായിരുന്നു ആര്‍.സി.ബിക്ക് സാധിച്ചത്.
ആര്‍.സി.ബി ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഭാഗ്യം കെട്ട ടീമാണെങ്കില്‍ വിരാട് കോഹ്‌ലിയാണ് ഏറ്റവും നിര്‍ഭാഗ്യവാനായ ക്യാപ്റ്റന്‍. പല തവണ ടീമിനെ ഫൈനല്‍ വരെയെത്തിച്ചെങ്കിലും ടീമിന് ഒരു കിരീടം നേടിക്കൊടുക്കാന്‍ വിരാടിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് പടിയിറങ്ങുകയും ചെയ്തിരുന്നു.
ക്യാപ്റ്റന്‍ സ്ഥാനത്തെത്തുമ്പോള്‍ അതുവരെയില്ലാത്ത സമ്മര്‍ദം താരങ്ങള്‍ അനുഭവിക്കുന്നത് പതിവാണ്. കഴിഞ്ഞ സീസണില്‍ രവീന്ദ്ര ജഡേജക്കും സംഭവിച്ചത് അതുതന്നെ. അത്രയും കാലം മികച്ച ഓള്‍ റൗണ്ടറായിരുന്ന ജഡേജ കളി പോലും മറക്കുന്ന അവസ്ഥയിലായിരുന്നു.
എന്നാല്‍ വിരാട് അങ്ങനെയായിരുന്നില്ല. ക്യാപ്റ്റന്‍സിയേറ്റെടുത്തതിന് ശേഷവും താന്‍ ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്നതെന്തോ അത് അതിനേക്കാള്‍ മികച്ച രീതിയില്‍ തുടരുകയാണ് വിരാട് ചെയ്തത്. ബാറ്ററെന്ന നിലയില്‍ വിരാടിനെ സമ്മര്‍ദത്തിലാഴ്ത്താന്‍ ക്യാപ്റ്റന്‍സിയുടെ ഭാരത്തിന് സാധിച്ചിരുന്നില്ല.
ഐ.പി.എല്ലില്‍ പല താരങ്ങളും വന്നുപോയെങ്കിലും ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്ററായി തുടരുന്നത് വിരാട് തന്നെയാണ്. ക്യാപ്റ്റന്‍സിയേറ്റെടുത്തപ്പോഴും അതിന് കുറവ് വന്നിട്ടില്ല.
ക്യാപ്റ്റന്റെ റോളില്‍ തുടരുമ്പോഴും വിരാടിന്റെ ബാറ്റിങ്ങില്‍ പോരായ്മകളുണ്ടായിട്ടില്ല എന്നത് കണക്കുകള്‍ വ്യക്തമാക്കുന്നു,
ക്യാപ്റ്റനായിരിക്കെ ഒരു സീസണില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറിനുടമ: വിരാട് കോഹ്‌ലി – 973
ഐ.പി.എല്ലില്‍ ഏറ്റവുമധികം വിജയം നേടിയ ക്യാപ്റ്റന്‍: എം.എസ്. ധോണി
ഐ.പി.എല്ലില്‍ ഏറ്റവുമധികം കിരീടം നേടിയ ക്യാപ്റ്റന്‍: രോഹിത് ശര്‍മ
കഴിഞ്ഞ സീസണിലെ 16 മത്സരത്തില്‍ നിന്നും 341 റണ്‍സാണ് വിരാട് നേടിയത്. 22.73 ആവറേജിലും 115.99 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വിരാട് ഐ.പി.എല്‍ 2022ല്‍ സ്‌കോര്‍ ചെയ്തത്.