ചിക്കൂ ഭായ് ക്ഷമിക്ക്, എന്നെക്കൊണ്ട് അതിന് പറ്റില്ല; വിരാടിന്റെ കലിപ്പില്‍ പേടിച്ചുവിറച്ച് ഹര്‍ദിക്; വീഡിയോ
Sports News
ചിക്കൂ ഭായ് ക്ഷമിക്ക്, എന്നെക്കൊണ്ട് അതിന് പറ്റില്ല; വിരാടിന്റെ കലിപ്പില്‍ പേടിച്ചുവിറച്ച് ഹര്‍ദിക്; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th January 2023, 1:09 pm

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 67 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ മേല്‍ക്കൈ നേടിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 377 റണ്‍സിന്റെ വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. ഓപ്പണര്‍മാര്‍ അടിത്തറയിട്ട ഇന്നിങ്‌സിനെ തുടര്‍ന്ന് വന്ന ബാറ്റര്‍മാര്‍ കെട്ടിപ്പൊക്കുകയായിരുന്നു.

ആദ്യ വിക്കറ്റില്‍ 143 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. 60 പന്തില്‍ നിന്നും 70 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. വണ്‍ ഡൗണായെത്തിയ വിരാട് കോഹ്‌ലിയും വെടിക്കെട്ടിന് തിരി കൊളുത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു.

രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ശ്രേയസ് അയ്യരിനെയും കെ.എല്‍. രാഹുലിനെയും ഹര്‍ദിക് പാണ്ഡ്യയെും അക്‌സര്‍ പട്ടേലിനെയും കൂട്ടുപിടിച്ച് വിരാട് സ്‌കോര്‍ ഉയര്‍ത്തി. വിരാടിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനും സെഞ്ച്വറി ആഘോഷത്തിനുമൊപ്പം താരത്തിന്റെ കലിപ്പിനും അസം ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചിരുന്നു.

മത്സരത്തിന്റെ 43ാം ഓവറിലായിരുന്നു സംഭവം. കസുന്‍ രാജിതക്കെതിരെ ഷോട്ട് കളിച്ച വിരാടും ഹര്‍ദിക്കും ചേര്‍ന്ന് സിംഗിള്‍ പൂര്‍ത്തിയാക്കി. രണ്ടാമത് റണ്ണിനായി വിരാട് കോള്‍ ചെയ്യുകയും ഓടിത്തുടങ്ങുകയും ചെയ്‌തെങ്കിലും ഹര്‍ദിക് പാണ്ഡ്യ അത് നിഷേധിക്കുകയായിരുന്നു.

റണ്‍ ഓടാന്‍ ശ്രമിക്കാതിരുന്നതിന് ശേഷം ഹര്‍ദിക് വിരാടിനോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉറപ്പായ ആ റണ്ണിന് ശ്രമിക്കാതിരുന്ന ഹര്‍ദിക്കിനോടുള്ള കലിപ്പ് വ്യക്തമാക്കുന്നതായിരുന്നു വിരാടിന്റെ മുഖഭാവം.

സംഭവത്തിന്റെ വീഡിയോ വൈറലാവുന്നുണ്ട്.

മത്സരത്തില്‍ വിരാടിന് രണ്ട് തവണ ലൈഫ് ലഭിച്ചിരുന്നു. വ്യക്തിഗത സ്‌കോര്‍ 52ലും 81ലും നില്‍ക്കവെയായിരുന്നു ലങ്കന്‍ ഫീല്‍ഡര്‍മാര്‍ വിരാടിനെ കൈവിട്ടു കളഞ്ഞത്. അവസരം മുതലാക്കിയ കോഹ്‌ലി തന്റെ കരിയറിലെ 73ാം അന്താരാഷ്ട് സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.

വിരാട് തന്നെയാണ് കളിയിലെ താരം.

ജനുവരി 12നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

 

Content Highlight: Virat Kohli’s reaction after Hardik Pandya denies a second run goes viral