ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പാകിസ്ഥാനെതിരായ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയിച്ചേ മതിയാകൂ എന്ന അവസ്ഥ വന്നത്.
നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. കാന്‍ഡിയിലെ പല്ലേക്കലെ സ്റ്റേഡിയമാണ് വേദി. ഇതേ സ്റ്റേഡിയത്തില്‍ തന്നെയായിരുന്നു ഇന്ത്യ – പാകിസ്ഥാന്‍ മത്സരവും നടന്നിരുന്നത്.
ആദ്യ മത്സരത്തിലേതെന്ന പോലെ രണ്ടാം മത്സരത്തിനും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അഥവാ ഇന്ത്യയുടെ രണ്ടാം മത്സരവും ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാം.
നേപ്പാളിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തടിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. സൂപ്പര്‍ ഫോറിന് മുമ്പുള്ള പ്രാക്ടീസ് മാച്ച് എന്ന നിലയിലാണ് പല ആരാധകരും ഈ മത്സരത്തെ നോക്കിക്കാണുന്നത്.
എന്നാല്‍ ഈ മത്സരത്തില്‍ വിരാട് ആരാധകര്‍ക്കുള്ള ആശങ്ക ചെറുതല്ല. കാരണം വിരാടിന് നിര്‍ഭാഗ്യം മാത്രം സമ്മാനിച്ച പല്ലേക്കലേ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത് എന്നതാണ് ഇവരുടെ ആശങ്കക്ക് കാരണം.
പല്ലേക്കലെയില്‍ വിരാട് ആറ് ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ അതില്‍ ഓര്‍ത്തുവെക്കാന്‍ പോന്ന ഒറ്റ ഇന്നിങ്‌സ് മാത്രമാണ് പിറന്നത്.
ആറ് മത്സരത്തില്‍ നിന്നും 77 എന്ന സ്‌ട്രൈക്ക് റേറ്റിലും 24.00 എന്ന ശരാശരിയിലും 144 റണ്‍സ് മാത്രമാണ് പല്ലേക്കലെയില്‍ വിരാട് നേടിയത്. കാന്‍ഡിയില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമുള്ള വിരാടിന്റെ ഉയര്‍ന്ന സ്‌കോര്‍ 68 ആണ്.
പാകിസ്ഥാനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഏഴ് പന്തില്‍ നിന്നും നാല് റണ്‍സ് മാത്രമാണ് വിരാടിന് നേടാന്‍ സാധിച്ചത്. ഇതും ആരാധകരുടെ മനസിലുണ്ട്.
2️⃣ big wickets for @iShaheenAfridi upfront! ☝️
Excellent start for Pakistan 👏#PAKvIND | #AsiaCup2023 pic.twitter.com/w85ZuO6UfX
— Pakistan Cricket (@TheRealPCB) September 2, 2023
എന്നാല്‍ ഈ മത്സരത്തില്‍ താരം തന്റെ നിര്‍ഭാഗ്യം തിരുത്തിക്കുറിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. താരത്തിന്റെ 77ാം സെഞ്ച്വറി പല്ലേക്കലെയില്‍ പിറക്കുമെന്നും ആരാധകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.
സെപ്റ്റംബര്‍ നാലിന് ഇന്ത്യന്‍ സമയം ഉച്ചക്ക് മൂന്ന് മണിക്കാണ് പല്ലേക്കലെയില്‍ ഇന്ത്യ – നേപ്പാള്‍ മത്സരം അരങ്ങേറുന്നത്. ഈ മത്സരത്തില്‍ വിജയിച്ച് സൂപ്പര്‍ ഫോര്‍ ബെര്‍ത് ഉറപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
Content Highlight: Virat Kohli’s previous performances in Pallekele Stadium