|

സ്ഥാനം എന്തോ ആവട്ടെ, ടാക്ടിക്‌സ് അത് ഈ തലയില്‍ നിന്നുതന്നെ; വിരാടിന്റെ തന്ത്രത്തില്‍ പൊള്ളാര്‍ഡിനെ ഗോള്‍ഡന്‍ ഡക്കാക്കി ചഹല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ ചുരുട്ടിക്കെട്ടി ഇന്ത്യ. 43.5 ഓവറില്‍ 176 റണ്‍സിന് കരീബിയന്‍ പടയിലെ എല്ലാ താരങ്ങളെയും കൂടാരം കയറ്റിയാണ് ഇന്ത്യ പരമ്പരയിലെ വെടിക്കെട്ടിന് തുടക്കമിട്ടത്.

വെസ്റ്റ് ഇന്ത്യന്‍ വമ്പനടിക്കാരെ നിലയുറപ്പിക്കും മുന്‍പേ പവലിയനിലേക്ക് മടക്കി അയച്ചതോടെയാണ് ഇന്ത്യയ്ക്ക് അനിവാര്യമായ ബ്രേക്ക് ത്രൂ ലഭിച്ചത്. സ്പിന്നര്‍മാരാണ് വിന്‍ഡീസ് പടയെ കറക്കി വീഴ്ത്തിയത്.

നിക്കോളാസ് പൂരാന്റെയും കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെയുമടക്കം നാല് മുന്‍നിര വിക്കറ്റുകളാണ് ചഹല്‍ വീഴ്ത്തിയത്. പൊള്ളാര്‍ഡിന്റെ ഗോള്‍ഡന്‍ ഡക്ക് കൂടിയാണ് താരത്തിന്റെ സ്‌പെല്ലിന് മാറ്റേകിയത്.

India vs West Indies 2022, 1st ODI, Live Score Updates: Rohit Sharma, Ishan Kishan Positive In India's 177-Run Chase | Cricket News

പൊള്ളാര്‍ഡിന്റെ വിക്കറ്റ് വീഴ്ത്താന്‍ ചഹലിനെ സഹായിച്ചത് വിരാട് കോഹ്‌ലിയുടെ തന്ത്രങ്ങളാണ്. ക്രീസിലെത്തി നേരിടാനുള്ള ആദ്യ പന്ത് തന്നെ ഓഫ് സ്റ്റംപിന് പുറത്തേക്കുള്ള ഗൂഗ്ലിയാകുമെന്ന് പൊള്ളാര്‍ഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. താരം ഡ്രൈവിന് ശ്രമിക്കുകയും ക്ലീന്‍ ബൗള്‍ഡാവുകയുമായിരുന്നു.

ബൗള്‍ ചെയ്യാനെത്തുന്നതിന് മുമ്പേ വിരാട് ചഹലിനോട് എങ്ങനെ പന്തെറിയണമെന്ന് പറയുന്നുണ്ടായിരുന്നു. ‘ഉള്‍ട്ടാ വാല്‍ ഡാല്‍, ബിന്ധാസ് ഡാല്‍’ എന്ന് കോഹ്‌ലി വിളിച്ചു പറയുന്നുണ്ടായിരുന്നു. രോഹിത്തും ഇക്കാര്യം തന്നെ ആവര്‍ത്തിച്ചു.

ഇവരുടെ നിര്‍ദേശപ്രകാരം ബൗള്‍ ചെയ്യുകയും പൊള്ളാര്‍ഡിന്റെ കുറ്റി തെറിപ്പിക്കുകയും ചെയ്യേണ്ട ചുമതല മാത്രമായിരുന്നു പിന്നീട് ചഹലിനുണ്ടായിരുന്നത്. പൊള്ളാര്‍ഡിന്റെ വിക്കറ്റ് വീണ ശേഷം വിരാടും രോഹിത്തും നേട്ടം ആഘോഷിക്കുകയും ചെയ്തു.

9.5 ഓവറില്‍ നിന്നും 49 റണ്‍സ് വിട്ടുകൊടുത്താണ് ചഹല്‍ നാല് വിക്കറ്റ് നേടിയത്. 9 ഓവറില്‍ 30 റണ്‍സ് വിട്ടു കൊടുത്ത് വാഷിംഗ്ടണ്‍ സുന്ദര്‍ 3 വിക്കറ്റും 10 ഓവറില്‍ 29 റണ്‍സ് വഴങ്ങി പ്രസിദ് കൃഷ്ണ 2 വിക്കറ്റും നേടി.

എട്ട് ഓവറില്‍ രണ്ട് മെയ്ഡിന്‍ ഉള്‍പ്പടെ 3.25 എക്കോണമിയില്‍ ഒരു വിക്കറ്റ് നേടി സിറാജും മികച്ച പിന്തുണ നല്‍കി.

നിലവില്‍ ഇന്ത്യ 6.3 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 40 റണ്‍സ് നേടിയിട്ടുണ്ട്.

Content highlight:  Virat Kohli’s plan helps Yuzvendra Chahal castle Kieron Pollard for a golden duck

Video Stories