| Sunday, 26th March 2023, 3:21 pm

മെസി മാത്രമല്ലടേയ്, ചോദ്യപേപ്പറില്‍ വിരാടുമുണ്ട്; ചരിത്ര നിമിഷത്തിന്റെ ചിത്രം നല്‍കി ഇംഗ്ലീഷ് ചോദ്യപേപ്പര്‍

സ്പോര്‍ട്സ് ഡെസ്‌ക്

നെയ്മറിന്റെ ആരാധികയായതിന്റെ പേരില്‍ മെസിയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമെഴുതില്ല എന്ന് പറഞ്ഞ നാലാം ക്ലാസുകാരിയുടെ ഉത്തര പേപ്പര്‍ വൈറലാവുകയാണ്. ചോദ്യപേപ്പറില്‍ മെസി സ്ഥാനം പിടിച്ചതോടെ മെസി ആരാധകരും സോഷ്യല്‍ മീഡിയയില്‍ സംഭവം ആഘോഷമാക്കിയിരുന്നു.

എന്നാല്‍ മെസിയെ പോലെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ചിത്രവും ചോദ്യപേപ്പറില്‍ ഇടം പിടിച്ചിരിക്കുകയാണ്.  ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലാണ് കിങ് കോഹ്‌ലി ഇടം നേടിയത്.

തന്നിട്ടുള്ള ചിത്രത്തെ കുറിച്ച് 100 മുതല്‍ 120 വരെ വാക്കുകളുള്ള കുറിപ്പ് തയ്യാറാക്കാനാണ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ വിരാട് കോഹ്‌ലി അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടിയ ചിത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരമെഴുതാനായി നല്‍കിയത്.

ചോദ്യപേപ്പറിന്റെ ചിത്രം വൈറലായതോടെ ക്രിക്കറ്റ് ആരാധകരും രംഗത്തെത്തി. നമ്മളൊന്നും പഠിക്കുമ്പോള്‍ ഇത്തരത്തിലൊരു ചോദ്യവും ഉണ്ടായില്ലല്ലോ, 120 വാക്കുകളിലൊന്നും ആ തകര്‍പ്പന്‍ ഇന്നിങ്‌സ് വിവരിക്കാന്‍ സാധിക്കില്ല തുടങ്ങിയ കമന്റുകളുമായി ആരാധകര്‍ സോഷ്യല്‍ മീഡിയ കയ്യടക്കുകയാണ്.

വിരാടിന്റെ കരിയറിലെ തന്നെ മൈല്‍ സ്‌റ്റോണായി മാറിയ ഇന്നിങ്‌സായിരുന്നു 2022 സെപ്റ്റംബര്‍ എട്ടിന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ടി-20 ഫോര്‍മാറ്റിലെ തന്റെ കന്നി സെഞ്ച്വറിയായിരുന്നു വിരാട് അഫ്ഗാനെതിരെ തികച്ചത്. ഏറെ നാളത്തെ സെഞ്ച്വറി വരള്‍ച്ചക്ക് അന്ത്യം കുറിക്കുന്നത് കൂടിയായിരുന്നു വിരാടിന്റെ ആ ഇന്‍ക്രെഡിബിള്‍ ഇന്നിങ്‌സ്.

മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായ വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും ചേര്‍ന്ന് ആദ്യവിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തിയിരുന്നു.

61 പന്തില്‍ നിന്നും 12 ബൗണ്ടറിയും ആറ് സിക്‌സറിന്റെയും അകമ്പടിയോടെ 200 സ്‌ട്രൈക്ക് റേറ്റില്‍ 122 റണ്‍സായിരുന്നു വിരാട് നേടിയത്.

വിരാടിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റിന് 212 റണ്‍സ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞിട്ടു. അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്.

വെടിക്കെട്ടുമായി അഫ്ഗാന്‍ സ്‌കോറിനെ മുന്നോട്ടുകൊണ്ടുപോയ ഇബ്രാഹീം സദ്രാനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി മറുവശത്തെ വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ പിഴുതെറിഞ്ഞപ്പോള്‍ അഫ്ഗാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് പോരാട്ടം അവസാനിപ്പിച്ചു.

Content Highlight:  Virat Kohli’s Picture on English Exam Paper Goes Viral

We use cookies to give you the best possible experience. Learn more