ഒരു കോടിയിലധികം പിഴ; ഒറ്റ വരിയില്‍ പലര്‍ക്കുമുള്ള മറുപടിയുമായി വിരാട്
IPL
ഒരു കോടിയിലധികം പിഴ; ഒറ്റ വരിയില്‍ പലര്‍ക്കുമുള്ള മറുപടിയുമായി വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd May 2023, 3:59 pm

കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിന് പിന്നാലെ നാടകീയ രംഗങ്ങള്‍ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കളിത്തട്ടകമായ എകാന സ്‌പോര്‍ട്‌സ് സിറ്റി സാക്ഷ്യം വഹിച്ചത്. ആര്‍.സി.ബി സൂപ്പര്‍ താരവും മുന്‍ നായകനുമായ വിരാട് കോഹ്‌ലിയും എല്‍.എസ്.ജിയുടെ മെന്ററുമായ ഗൗതം ഗംഭീറുമായുള്ള കൊടുക്കല്‍ വാങ്ങലുകളാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായത്.

മത്സരത്തില്‍ ആര്‍.സി.ബി വിജയിച്ചതിന് ശേഷം ഗംഭീറും വിരാടും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പുറമെ യുവതാരം നവീന്‍ ഉള്‍ ഹഖും വിരാടുമായി കൊരുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

മൂന്ന് താരങ്ങളുടെയും അതിരുവിട്ട പെരുമാറ്റത്തിന് പിന്നാലെ ബി.സി.സി.ഐ കടുത്ത ശിക്ഷയും വിധിച്ചിരുന്നു. വിരാട് കോഹ്‌ലിക്കും ഗൗതം ഗംഭീറിനും മാച്ച് ഫീയുടെ നൂറ് ശതമാനം പിഴ വിധിച്ചപ്പോള്‍ നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനവും പിഴയായി ലഭിച്ചു.

ഓരോ താരങ്ങള്‍ക്കും ലഭിച്ച പിഴ

വിരാട് കോഹ്‌ലി – 1.07 കോടി – 100 ശതമാനം.

ഗൗതം ഗംഭീര്‍ – 25 ലക്ഷം – 100 ശതമാനം.

നവീന്‍ ഉള്‍ ഹഖ് – 1.79 ലക്ഷം – 50 ശതമാനം.

പിഴ ലഭിച്ചതിന് പിന്നാലെ വിരാട് കോഹ്‌ലി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ‘നാം കേള്‍ക്കുന്നതെല്ലാം അഭിപ്രായങ്ങള്‍ മാത്രമാണ്, വസ്തുതകളല്ല. നമ്മള്‍ കാണുന്നതെല്ലാം കാഴ്ചപ്പാടുകളാണ്, അല്ലാതെ സത്യമല്ല,’ എന്നായിരുന്നു വിരാട് തന്റെ സ്റ്റോറിയില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് 18 റണ്‍സിന് വിജയിച്ചിരുന്നു. 126 റണ്‍സ് എന്ന ചെറിയ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്താണ് ആര്‍.സി.ബി വിജയത്തിലേക്ക് കുതിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബൗളര്‍മാര്‍ക്ക് അനുകൂലമായി ഒരുക്കിയ പിച്ചില്‍ ലഖ്‌നൗവിന്റെ സ്പിന്നര്‍മാര്‍ ഫാഫിനെയും സംഘത്തെയും അക്ഷരാര്‍ത്ഥത്തില്‍ വരിഞ്ഞുമുറുക്കുകയായിരുന്നു.

ക്രുണാല്‍ പാണ്ഡ്യയും രവി ബിഷ്‌ണോയിയും അമിത് മിശ്രയും തങ്ങളുടെ ക്ലാസ് പുറത്തെടുത്തപ്പോള്‍ ആര്‍.സി.ബി 126ല്‍ ഒതുങ്ങി. ബിഷ്‌ണോയിയും മിശ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റും വീഴ്ത്തി.

ആര്‍.സി.ബിക്കായി ഫാഫ് 44 റണ്‍സ് നേടിയപ്പോള്‍ വിരാട് കോഹ്‌ലി 30 പന്തില്‍ നിന്നും 31 റണ്‍സ് നേടി.

127 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്‌നൗവിനെ അതേ നാണയത്തില്‍ തന്നെ ആര്‍.സി.ബിയും എറിഞ്ഞിട്ടു. ബെംഗളൂരുവിനായി ജോഷ് ഹെയ്‌സല്‍വുഡും കരണ്‍ ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ് ഗ്ലെന്‍ മാക്‌സ്‌വെല്‍, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കിയതോടെ ഗംഭീറിന്റെ കുട്ടികള്‍ നിന്ന് വിറച്ചു.

ഒടുവില്‍ 19.5 ഓവറില്‍ ലഖ്‌നൗ 108 റണ്‍സിന് ഓള്‍ ഔട്ടായതോടെ റോയല്‍ ചലഞ്ചേഴ്‌സ് സീസണിലെ അഞ്ചാം വിജയം തങ്ങളുടെ പേരിലാക്കി.

 

 

Content highlight: Virat Kohli’s Instagram story after BCCI fined him