| Saturday, 29th October 2022, 4:58 pm

'കോഹ്‌ലിയുടെ ഇന്നിങ്‌സ് ഭഗവത്ഗീത പോലെ മനോഹരം': ഓസീസ് ഇതിഹാസം ഗ്രെഗ് ചാപ്പല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ അസാധ്യ പ്രകടനമാണ് വിരാട് കോഹ്‌ലി ആദ്യ മത്സരത്തില്‍ കാഴ്ച വെച്ചത്. മെല്‍ബണില്‍ പാകിസ്ഥാനുമായി നടന്ന പോരാട്ടത്തില്‍ താരം നേടിയ ഇന്നിങ്സിനെ പ്രകീര്‍ത്തിക്കാത്തവരായി ആരുമുണ്ടാകില്ല.

മത്സരം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ലോകത്തിന്റെ പല കോണുകളില്‍ നിന്നാണ് ആളുകള്‍ താരത്തെ പ്രശംസിച്ചെത്തുന്നത്.

ഇപ്പോള്‍ വിരാടിന്റെ മാസ്റ്റര്‍ ക്ലാസ് ഇന്നിങ്സിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ സൂപ്പര്‍ കോച്ചുമായ ഗ്രെഗ് ചാപ്പല്‍.

ഹിന്ദുമത ഗ്രന്ഥമായ ഭഗവത്ഗീത പോലെ മനോഹരമായിരുന്നു വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഓസ്‌ട്രേലിയന്‍ പത്രമായ ‘ദി എയ്ജില്‍’ (The Age) ചാപ്പല്‍ വിരാടിന്റെ ഇന്നിംങ്‌സിനെ കുറിച്ചെഴുതുകയായിരുന്നു.

”ഹൈന്ദവ വിശ്വാസികളുടെ മത ഗ്രന്ഥമാണ് ഭഗവത് ഗീത. ദൈവത്തിന്റെ ഗീതം എന്നാണ് ഭഗവത്ഗീത കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലി ടി-20 ലോകകപ്പില്‍ നേടിയ ഇന്നിങ്‌സ് ഭഗവത് ഗീതയോട് ചേര്‍ത്ത് വെക്കാന്‍ തോന്നുന്നതാണ്.

എന്ത് മനോഹരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. മെല്‍ബണിലെ പച്ചപ്പരവതാനിയില്‍ ഒരു പൂച്ച പുതിയ കമ്പിളിപ്പുതപ്പ് കൊണ്ട് കളിക്കുന്നത് പോലെ. എന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഇതുപോലൊരു ഇന്നിങ്‌സ് കണ്ടിട്ടേയില്ല.

ടെസ്റ്റ് ക്രക്കറ്റിന്റെ തന്നെ 145 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഇങ്ങനെയൊരു ഇന്നിങ്‌സ് മറ്റാരും നേടിക്കാണില്ല. വല്ലാത്ത സന്തോഷം തോന്നുന്നു,’ ചാപ്പല്‍ കുറിച്ചു.

പാകിസ്ഥാനുമായി നേടിയതിന് സമാനമായ സിക്‌സുകളാണ് നെതര്‍ലന്‍ഡ്സിനെതിരെയും കോഹ്ലിയുടെ ബാറ്റില്‍ കാണാനായത്.

ഈ തകര്‍പ്പന്‍ ഇന്നിങ്‌സോടെ ടി-20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരനായിരിക്കുകയാണ് കോഹ്ലി.

965 റണ്‍സുള്ള വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലിനെയാണ് കോഹ്‌ലി പിന്തള്ളിയത്. 21 ഇന്നിങ്സില്‍ നിന്ന് 989 റണ്‍സാണ് കോഹ്‌ലി ടി-20 ലോകകപ്പില്‍ ഇതുവരെ നേടിയത്. ഇതില്‍ 12 അര്‍ധസെഞ്ച്വറിയാണ് താരം നേടിയത്.

നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തിളങ്ങിയിരുന്നു. എന്നാല്‍ രാഹുലിന്റെ കാര്യത്തില്‍ പ്രത്യേകിച്ച ഒരു മാറ്റവും ഉണ്ടായിരുന്നില്ല.

സാധാരണ കുഞ്ഞന്‍ ടീമുകളെ ആക്രമിച്ചുകളിക്കുന്ന രാഹുലിന് ഈ മത്സരത്തിലും കാലിടറി. 12 പന്തില്‍ നിന്നും ഒമ്പത് റണ്‍സ് മാത്രമാണ് താരം നേടിയത്.

എന്നാല്‍ മോശം ഫോം തുടരുമ്പോഴും ഇലവനില്‍ നിന്നും കെ.എല്‍. രാഹുലിനെ ഒഴിവാക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം.

സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഒക്ടോബര്‍ 30ന് നടക്കുന്ന മത്സരത്തിന് ഒപ്റ്റസ് സ്റ്റേഡിയമാണ് വേദിയാകുന്നത്.

Content HIghlights: Virat Kohli’s innings at MCG was equal to Bhagava Gita, says Greg Chapell

We use cookies to give you the best possible experience. Learn more