വിരാടിന്റെ വൈറല്‍ വീഡിയോ; 'ആരെന്ത് പറഞ്ഞിട്ടും കാര്യമില്ല, ആദ്യം ഞാന്‍ തന്നെ പറക്കും'; ആ കോണ്‍ഫിഡന്‍സ് നോക്കണേ എന്ന് ആരാധകര്‍
Sports News
വിരാടിന്റെ വൈറല്‍ വീഡിയോ; 'ആരെന്ത് പറഞ്ഞിട്ടും കാര്യമില്ല, ആദ്യം ഞാന്‍ തന്നെ പറക്കും'; ആ കോണ്‍ഫിഡന്‍സ് നോക്കണേ എന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th March 2023, 9:05 pm

 

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് സമനിലയിലാക്കിക്കൊണ്ട് ഇന്ത്യ ഒരിക്കല്‍ക്കൂടി ട്രോഫിയില്‍ മുത്തമിട്ടിരുന്നു. കഴിഞ്ഞ മൂന്ന് തവണത്തേതിനും സമാനമായി 2-1നായിരുന്നു ഇന്ത്യ ഇത്തവണയും പരമ്പര വിജയിച്ചത്.

നാലാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കി മത്സരം ജയിക്കുമെന്ന് തോന്നിച്ചിരുന്നു. ഉസ്മാന്‍ ഖവാജയുടെയും കാമറൂണ്‍ ഗ്രീനിന്റെയും സെഞ്ച്വറിയുടെ ബലത്തിലായിരുന്നു ഓസീസ് മികച്ച സ്‌കോറിലേക്കുയര്‍ന്നത്. ആദ്യ ഇന്നിങ്‌സില്‍ 480 റണ്‍സാണ് ഓസീസ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയും ഒട്ടും മോശമാക്കിയില്ല. സെഞ്ച്വറിക്ക് മറുപടി സെഞ്ച്വറിയെന്നോണം ശുഭ്മന്‍ ഗില്ലും വിരാട് കോഹ്‌ലിയും നൂറടിച്ചതോടെ മത്സരം ആവേശത്തിലായി. ശുഭ്മന്‍ ഗില്‍ 128 റണ്‍സ് നേടിയപ്പോള്‍ വിരാട് 186 റണ്‍സാണ് സ്വന്തമാക്കിയത്.

ടെസ്റ്റില്‍ ഏറെ നാളത്തെ സെഞ്ച്വറി വരള്‍ച്ചക്ക് ശേഷമായിരുന്നു വിരാടിന്റെ പ്രകടനം. ടെസ്റ്റില്‍ മറ്റൊരു ഇരട്ട സെഞ്ച്വറിയുടെ പ്രതീതി സൃഷ്ടിച്ച ശേഷമായിരുന്നു വിരാട് പുറത്തായത്.

ഒടുവില്‍ 571 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ നേടി ഇന്ത്യ ഓസീസിനെ രണ്ടാം ഇന്നിങ്‌സിനയച്ചു.

രണ്ടാം ഇന്നിങ്‌സില്‍ മാറ്റ് കുന്‍മാനും ട്രാവിസ് ഹെഡുമായിരുന്നു കളത്തിലിറങ്ങിയത്. ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവെ കുന്‍മാനെ ഓസീസിന് നഷ്ടമായിരുന്നു.

ഈ സമയത്തെ വിരാടിന്റെ ഒരു വീഡിയോ വൈറലാവുകയാണ്. വിരാട് സഹതാരങ്ങളോട് പറഞ്ഞ തമാശ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെയാണ് സംഭവം ലോകമറിഞ്ഞത്.

മത്സരം കഴിഞ്ഞ് താന്‍ ആദ്യം വിമാനത്തില്‍ കയറുമെന്നും ആദ്യം താന്‍ തന്നെ പറക്കുമെന്നുമാണ് വിരാട് പറയുന്നത്. ആരാധകര്‍ വിരാടിന്റെ കുട്ടിത്തം നിറഞ്ഞ ‘പ്രകടനം’ ഏറ്റെടത്തിരിക്കുകയാണ്.

നാലാം മത്സരത്തിലെ സെഞ്ച്വറിക്ക് പിന്നാലെ വിരാടിനെയാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുത്തത്. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുമ്പ് വിരാട് ഫോമിലേക്കുയര്‍ന്നത് ആരാധകരെ കുറച്ചൊന്നുമല്ല ആവേശത്തിലാഴ്ത്തുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയെ തന്നെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. ഇംഗ്ലണ്ടിലെ ഓവലാണ് വേദി.

 

Content Highlight: Virat Kohli’s funny video goes viral