| Saturday, 2nd July 2022, 8:05 pm

അടിച്ചിടെടാ അവനെ; ബുംറ ബ്രോഡിനെ പഞ്ഞിക്കിടുമ്പോള്‍ ചിരിയുണര്‍ത്തി കോഹ്‌ലി; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം എഡ്ജ്ബാസ്റ്റണില്‍ നടക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഇന്ത്യ വന്‍ തകര്‍ച്ചയില്‍ നിന്നുമാണ് കരകയറിയത്.

മുന്നേറ്റനിര തകര്‍ന്നടിഞ്ഞപ്പോള്‍ ഉപനായകന്‍ റിഷബ് പന്തും രവീന്ദ്ര ജഡേജയുമാണ് രക്ഷകരായെത്തിയത്. ജോണി ബെയര്‍സ്‌റ്റോയെ പോലെ ടെസ്റ്റില്‍ ടി-20 കളിച്ച് പന്തും മറുവശത്ത് ആങ്കറിങ് ഇന്നിങ്‌സ് കളിച്ച് ജഡേജയും സെഞ്ച്വറി നേടിയിരുന്നു.

എന്നാല്‍, ഇരുവരുടെയും പ്രകടനത്തെ കവച്ചുവെക്കുന്ന വെടിക്കെട്ടാണ് ജസ്പ്രീത് ബുംറ നടത്തിയത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 83ാം ഓവറില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ പഞ്ഞിക്കിട്ടാണ് ബുംറ കളിയിലെ നിര്‍ണായക വഴിത്തിരിവായത്.

ബ്രോഡ് എറിഞ്ഞ 18ാം ഓവറില്‍ 35 റണ്‍സാണ് ഇന്ത്യയുടെ അക്കൗണ്ടില്‍ കയറിയത്. അതില്‍ 29 റണ്‍സും ബുംറ അടിച്ചെടുത്തപ്പോള്‍ ആറ് റണ്‍സ് എക്‌സ്ട്രാ ആയും ലഭിച്ചു.

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും എക്‌സ്‌പെന്‍സീവായ ഓവര്‍ കൂടിയായിരുന്നു ഇത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയതിന്റെ മോശം റെക്കോഡും ഇപ്പോള്‍ ബ്രോഡിന്റെ പേരിലാണ്.

ക്രിക്കറ്റ് ലോകം ഒരിക്കലും പ്രതീക്ഷിക്കാത്ത ഇന്നിങ്‌സായിരുന്നു ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ കണ്ടത്.

ക്രീസില്‍ ബുംറ വെടിക്കെട്ട് നടത്തുമ്പോള്‍ ഡ്രസിങ് റൂമിലെ ടീം മേറ്റുകളുടെ റിയാക്ഷനാണ് ഇപ്പോള്‍ വൈറലാവുന്നത്. അതില്‍ ഏറ്റവും ചിരിയുണര്‍ത്തുന്നത് കോഹ്‌ലിയുടെ റിയാക്ഷനുമാണ്.

‘അടിച്ചിടെടാ അവനെ’ എന്ന രീതിയിലായിരുന്നു കോഹ്‌ലിയുടെ കൈയടിയും ഭാവവും. സംഭവം ഏതായാലും ട്വിറ്ററില്‍ പറക്കുന്നുണ്ട്.

ബുംറയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയെ 400 കടത്തിയത്. നേരത്തെ റിഷബ് പന്തിന്റെയും ജഡേജയുടെയും സെഞ്ച്വറിയായിരുന്നു ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഒടുവില്‍ എല്ലാ വിക്കറ്റും നഷ്ടമാവുമ്പോള്‍ ഇന്ത്യ 416 റണ്‍സാണ് സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍ 60 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. മാത്യു പോട്സ് രണ്ട് വിക്കറ്റും സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്റ്റോക്സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 6.3 ഓവറില്‍ 31ന് രണ്ട് എന്ന നിലയില്‍ നില്‍ക്കവെ മഴകാരണം മാച്ച് തടസ്സപ്പെടുകയായിരുന്നു. ഓപ്പണര്‍മാരായ അലക്‌സ് ലീസിന്റെയും സാക്ക് ക്രോളിയുടെയും വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.

ഇപ്പോള്‍ മഴമാറി, മത്സരം പുനരാരംഭിച്ചിട്ടുണ്ട്. നിലവില്‍ എട്ട് ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 39 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

Content highlight:  Virat Kohli’s Funny Reaction As Jasprit Bumrah Tears Stuart Broad in India- England Test

Latest Stories

We use cookies to give you the best possible experience. Learn more