രാജാവ് എന്നും രാജാവ് തന്നെ; 34ാം വയസിലും ഇത്ര കണ്‍സിസ്റ്റന്‍സിയോടെ ബാറ്റ് വീശുന്ന മറ്റൊരു താരമുണ്ടാകുമോ
Cricket news
രാജാവ് എന്നും രാജാവ് തന്നെ; 34ാം വയസിലും ഇത്ര കണ്‍സിസ്റ്റന്‍സിയോടെ ബാറ്റ് വീശുന്ന മറ്റൊരു താരമുണ്ടാകുമോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th April 2023, 11:46 am

2023ലെ സീസണിലെ 20ാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിജയവഴിയിലേക്ക് തിരിച്ചെത്തിയിരുന്നു. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 23 റണ്‍സിനായിരുന്നു റോയല്‍ ചലഞ്ചേഴ്സിന്റെ വിജയം.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സെടുത്തത്. 34 പന്തില്‍ 50 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. അഞ്ച് ഫോറും മൂന്ന് സിക്‌സും അടക്കം 188.5 സ്‌ട്രൈക്ക് റേറ്റിലായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്ങ്‌സ്.

മത്സരത്തിന് പിന്നാലെ കോഹ്‌ലിയുടെ പെര്‍ഫോമന്‍സിനെ പുകഴ്ത്തുന്ന നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മത്സരത്തിലൂടെ 33ാം പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഈ ബഹുമതി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോഹ്‌ലി തന്റെ പേരിലാക്കിയിട്ടുണ്ട്.

 

2023 സീസണില്‍ തന്റെ 34ാം വയസിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെയാണ് കോഹ്‌ലി ബാറ്റ് വീശുന്നത്. നാല് കളിയില്‍ ഒരു മത്സരത്തില്‍ ഒഴികെ മറ്റ് എല്ലാ മത്സരത്തിലും 50 കടക്കാന്‍ കോഹ്‌ലിക്കായി. ആദ്യ മത്സരത്തില്‍ മുംബൈക്കെതിരെ 49 പന്തില്‍ 82 റണ്‍സ് നേടിയ കോഹ്‌ലി മികച്ച തുടക്കമാണ് ഈ സീസണില്‍ കുറിച്ചിരുന്നത്.

കൊല്‍ക്കത്തക്കെതിരെ 18 പന്തില്‍ 21, ലഖ്‌നൗവിനെതിരെ 44 പന്തില്‍ 61 എന്നിങ്ങനെയാണ് ഐ.പി.എല്‍ ചരിത്രത്തില്‍ ആര്‍.സി.ബിക്കായി ഏറ്റവും കൂടുതല്‍ റെക്കോര്‍ഡുകളുള്ള കോഹ്‌ലിയുട ഈ സീസണിലെ മറ്റ് ഇന്നിങ്ങ്‌സിലെ പെര്‍ഫോമന്‍സുകള്‍. നാല് മത്സരങ്ങളില്‍ നിന്ന് 214 റണ്‍സ് നേടിയ കോഹ്‌ലി ഐ.പി.എല്‍ 2023 സീസണിലെ ഓറഞ്ച് ക്യാപ്പിനുള്ള മത്സരത്തിലും മൂന്നാം സ്ഥാനത്താണുള്ളത്. 228 റണ്‍സ് നേടിയ ദല്‍ഹിയുടെ വാര്‍ണറും 238 റണ്‍സുള്ള പഞ്ചാബിന്റെ ധവാനുമാണ് ഈ മത്സരത്തില്‍ കോഹ്‌ലിക്ക് മുന്നിലുള്ളത്.


അതേസമയം, അവസാന രണ്ട് മത്സരങ്ങളും തോറ്റതിന് ശേഷമാണ് ഞായറാഴ്ച നടന്ന മത്സരത്തില്‍ ആര്‍.സി.ബി വിജയവഴിയിലേക്ക് മടങ്ങിയെത്തിയത്. ആര്‍.സി.ബിക്കെതിരെ മറുപടി ബാറ്റിങ്ങില്‍ ദല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 50 റണ്‍സെടുത്ത മനീഷ് പാണ്ഡെ മാത്രമാണ് ദല്‍ഹി നിരയില്‍ തിളങ്ങിയത്.

Content Highlight: virat kohli’s fibulas innings in IPL 2023