ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ ഒരിക്കല്‍ക്കൂടി ഓസീസിനെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങിയത്.
ആ ആവേശം വ്യക്തമാക്കുന്നതായിരുന്നു പരമ്പരയിലെ ആദ്യ മത്സരം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിന്റെ സെന്‍സിബിള്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ടാം മത്സരത്തിലും വിജയം ആവര്‍ത്തിക്കാം എന്ന മോഹവുമായിട്ടാണ് ഇന്ത്യ വിശാഖിലെ വൈ.എസ്. രാജ റെഡ്ഡി ക്രിക്കറ്റ് ഗ്രൗണ്ടിലേക്കിറങ്ങിയത്.
എന്നാല്‍ ഓസീസ് ബൗളര്‍മാര്‍, പ്രത്യേകിച്ചും മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യന്‍ നിരയെ അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിടുകയായിരുന്നു. ഒരു മെയ്ഡന്‍ ഉള്‍പ്പെടെ എട്ട് ഓവര്‍ പന്തെറിഞ്ഞ് അഞ്ച് വിക്കറ്റാണ് സ്റ്റാര്‍ക് വീഴ്ത്തിയത്. ഇന്ത്യയുടെ ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് അടക്കമുള്ളവരാണ് രണ്ടാം ഏകദിനത്തില്‍ സ്റ്റാര്‍ക്കിന്റെ വേഗതയറിഞ്ഞത്.
ആദ്യ ഏകദിനത്തിലും സൂര്യകുമാറിനെ പുറത്താക്കിയത് സ്റ്റാര്‍ക്ക് തന്നെയായിരുന്നു. സ്റ്റാര്‍ക്കിന്റെ ഇടംകയ്യന്‍ ഇന്‍സ്വിങ്ങര്‍ ബാക്ക്ഫൂട്ടിലേക്കിറങ്ങി ഡിഫന്‍സീവ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച സൂര്യകുമാറിന് പിഴയ്ക്കുകയും വിക്കറ്റിന് മുമ്പില്‍ കുടുങ്ങുകയുമായിരുന്നു.
രണ്ടാം ഏകദിനത്തില്‍ ഇതിന്റെ ഡിറ്റോയെന്നോണമാണ് സൂര്യകുമാര്‍ പുറത്തായത്. അതേ മിച്ചല്‍ സ്റ്റാര്‍ക്, അതേ ഇന്‍സ്വിങ്ങര്‍, അതേ ബാക്ക്ഫൂട്ട് ഡിഫന്‍സീവ് ഷോട്ട്, അതേ എല്‍.ബി.ഡബ്ല്യൂ, ഔട്ട്. ആദ്യ മത്സരത്തിലും രണ്ടാം ഏകദിനത്തിലും ഗോള്‍ഡന്‍ ഡക്കായാണ് സൂര്യ പുറത്തായത്.
വിശാഖില്‍ വെച്ച് നടന്ന രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടതിന്റെ തൊട്ടടുത്ത പന്തില്‍ തന്നെയായിരുന്നു ഇന്ത്യക്ക് സൂര്യകുമാറിനെ നഷ്ടമായത്. ഒരറ്റത്ത് സൂര്യകുമാറിനെ സ്റ്റാര്‍ക് വിക്കറ്റിന് മുമ്പില്‍ കുടുക്കുമ്പോള്‍ മറുവശത്ത് നിരാശയോടെ നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു വിരാടിന് സാധിച്ചത്. വിക്കറ്റ് കളഞ്ഞുകുളിച്ച സൂര്യയേക്കാള്‍ നിരാശയായിരുന്നു വിരാടിന്റെ മുഖത്തുണ്ടായിരുന്നത്.
മാര്‍ച്ച് 22നാണ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം. ചെന്നൈയില്‍ വെച്ച് നടക്കുന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
Content Highlight: Virat Kohli’s disappointment after Suryakumar Yadav’d dismissal