| Wednesday, 20th July 2022, 11:25 pm

തിരിച്ചു വരും; സോഷ്യല്‍ മീഡിയയെ തീ പിടിപ്പിച്ച് വിരാടിന്റെ 'മുണ്ടിയാന്‍'

സ്പോര്‍ട്സ് ഡെസ്‌ക്

കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഫോം ഔട്ടും അതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങളും വിരാടിനെ തളര്‍ത്തിയിട്ടുണ്ടെന്നുള്ള കാര്യം സത്യമാണ്.

ക്രിക്കറ്റിന്റെ സമസ്ത ഫോര്‍മാറ്റിലും സമഗ്രാധിപത്യം പുലര്‍ത്തിയിരുന്ന, ക്രിക്കറ്റ് ലോകത്തിലെ തന്നെ ഫ്യൂച്ചര്‍ ഹാള്‍ ഓഫ് ഫെയിം ആവാന്‍ യോഗ്യനായ വിരാട് കോഹ്‌ലിയെ ഇപ്പോള്‍ ‘ക്രിക്കറ്റ് അനലിസ്റ്റുകള്‍’ വളഞ്ഞിട്ടാക്രമിക്കുകയാണ്.

വിരാട് സ്വയം വിരമിക്കാത്ത പക്ഷം ഇന്ത്യന്‍ ടീം വിരാടിനെ എടുത്ത് പുറത്ത് കളയണം എന്ന് പോലും പറഞ്ഞവരുണ്ട്.

ഇത്തരം വിമര്‍ശനങ്ങള്‍ക്ക് കഴിവതും ചെവികൊടുക്കാതിരിക്കാനാണ് വിരാട് ശ്രമിക്കുന്നത്. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം തത്കാലത്തേക്ക് ക്രിക്കറ്റില്‍ നിന്നും അവധിയെടുത്ത് കുടുംബവുമൊത്ത് സമയം ചെലവഴിക്കാനാണ് കോഹ്‌ലി തീരുമാനിച്ചിരിക്കുന്നത്. തന്റെ മാനസികാരോഗ്യം വീണ്ടെടുത്ത് ഒരിക്കല്‍ക്കൂടി പഴയ വിരാടാവാനാണ് താരം ഒരുങ്ങുന്നത്.

ഇതിനിടെ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാവുന്നത്. ഭാഗി 2 എന്ന ബോളിവുഡ് സിനിമയിലെ ‘മുണ്ടിയാന്‍’ എന്ന പാട്ടിന് ചുവടുവെക്കുന്ന വിരാടിന്റെ വീഡിയോ ആണ് വൈറലാവുന്നത്.

‘ഒരുപാട് നാളായി കാത്തുവെച്ചതായിരുന്നു, പക്ഷേ വൈകിയിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്,’ എന്ന ക്യാപ്ഷനോടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചത്.

നിരവധി ആരാധകരാണ് വീഡിയോയ്ക്ക് പിന്നാലെ കമന്റുമായെത്തുന്നത്. ആരാധകര്‍ക്ക് പുറമെ വരുണ്‍ ധവാന്‍ അടക്കമുള്ള സെലിബ്രിറ്റികളും വിരാടിന്റെ ഡാന്‍സിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

അടുത്ത തവണ ഡാന്‍സ് കളിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ തന്നെയും ഒപ്പം കൂട്ടണമെന്നായിരുന്നു ഡാന്‍സര്‍ ഭഗത് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

ഫോം ഔട്ട് താരത്തെ അലട്ടുന്നുണ്ടെങ്കിലും പൂര്‍വാധികം ശക്തിയോടെ വിരാട് മടങ്ങി വരുമെന്ന് നിരവധി താരങ്ങള്‍ പറഞ്ഞിരുന്നു.

നിലവില്‍ വിരാട് അല്‍പം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാല്‍ എല്ലാ താരങ്ങള്‍ക്കും ഇത്തരമൊരു സമയം ഉണ്ടെന്നുമായിരുന്നു ഓസീസ് ലെജന്‍ഡ് റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടത്.

‘അദ്ദേഹത്തിന് ചില വെല്ലുവിളികള്‍ ഉണ്ടായിരുന്നുവെന്ന് എനിക്കറിയാം. വിരാടിനെ സംബന്ധിച്ച് ഇതൊരു പ്രയാസപ്പെട്ട കാലമാണ്. ഈ ഗെയിമില്‍ ഞാന്‍ കണ്ടിട്ടുള്ള എല്ലാവര്‍ക്കും മോശം സമയം ഉണ്ടായിട്ടുണ്ട്. ഏതൊരു ബാറ്ററായാലും ബൗളറായാലും ഇത്തരം സമയത്തിലൂടെ കടന്നുപോയിട്ടുണ്ട്.

എന്നിരുന്നാലും അവരെല്ലാം മികച്ച രീതിയില്‍ മടങ്ങി വന്നിട്ടുമുണ്ട്. കുറച്ചുസമയത്തിനുള്ളില്‍ തന്നെ അവന്‍ തിരിച്ചുവരാനുള്ള വഴി കണ്ടെത്തും,’ പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തില്‍ വിരാട് ടീമിനൊപ്പം ചേരുമെന്നാണ് സൂചനകള്‍. ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം കുടുംബവുമൊത്ത് കോഹ്‌ലി ലണ്ടനിലാണ്.

ഏഷ്യാ കപ്പിന് മുന്നോടിയായി താരം പരിശീലനം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Virat Kohli’s dance vireo goes viral

Latest Stories

We use cookies to give you the best possible experience. Learn more