| Tuesday, 10th January 2023, 11:59 pm

'ഞാന്‍ എല്ലായ്പ്പോഴും കളിക്കണമെന്നില്ല', ദി ഷോ മസ്റ്റ് ഗോ ഓണ്‍; റെക്കോഡ് നേട്ടത്തിന് ശേഷം ആരാധകരെ അമ്പരിപ്പിച്ച് കൊഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം ലഭിച്ചിരിക്കുകയാണ്. വിരാട് കൊഹ്‌ലിയുടെ സെഞ്ച്വറി തിളക്കത്തോടെയാണ് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ വിജയം നേടിയത്. തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ 73ാം സെഞ്ചുറിയാണ് ഗുവാഹത്തി സ്റ്റേഡിയത്തില്‍ കൊഹ്‌ലി കുറിച്ചത്. 87 പന്തില്‍ നിന്നും 113 റണ്‍സ് നേടിയായിരുന്നു വിരാട് കൊഹ്‌ലിയുടെ ഇന്നിങ്സ്.

മാച്ചിന് ശേഷം കൊഹ്‌ലി പറഞ്ഞ വാക്കുകള്‍ ഏറ്റെടുക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. ഇന്നത്തെ കളിയില്‍ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ലെന്നും എല്ലായ്പ്പോഴും കളിക്കുന്നത രീതി തന്നെയാണ് പിന്തുടര്‍ന്നതെന്നും കൊഹ്‌ലി പറഞ്ഞു. ടീമിനെ നല്ല ടോട്ടലിലെത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും നിരാശ ഒരിടത്തും എത്തിക്കില്ലെന്നും കൊഹ്‌ലി പറഞ്ഞു.

‘ഇന്ന് എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നതായി എനിക്ക് തോന്നുന്നില്ല. ഓരോ കളിക്കായുമുള്ള എന്റെ മുന്നൊരുക്കങ്ങളും ലക്ഷ്യങ്ങളുമെല്ലാം എപ്പോഴും ഒന്ന് തന്നെയായിരുന്നു. ഓരോ പന്തും നന്നായി അടിച്ചു കളിച്ചതായാണ് തോന്നിയത്. എപ്പോഴും കളിക്കുന്നതും അങ്ങനെ തന്നെയാണ്. രണ്ടാം പകുതിയില്‍ സാഹചര്യങ്ങള്‍ കുറച്ചുകൂടി മനസിലാക്കിയാണ് കളിച്ചത്.

സ്‌കോര്‍ ബോര്‍ഡില്‍ നോക്കി ടീമിനെ നല്ല നിലയിലുള്ള ടോട്ടലിലേക്ക് എത്തിക്കുക. നിരാശ നിങ്ങളെ എവിടെയും എത്തിക്കില്ല എന്നതാണ് ഞാന്‍ മനസിലാക്കിയ കാര്യം. കാര്യങ്ങള്‍ ഒരിക്കലും സങ്കീര്‍ണമാക്കരുത്. ഗ്രൗണ്ടില്‍ പോയി ഭയമില്ലാതെ കളിക്കുക. ഇത് നിങ്ങളുടെ ലാസ്റ്റ് ഗെയിം ആണെന്ന് വിചാരിച്ച് കളിക്കുക. കളി മുന്നോട്ട് പോയിക്കൊണ്ടിരിക്കും. എന്നാല്‍ ഞാന്‍ എല്ലായ്പ്പോഴും കളിക്കണമെന്നില്ല,’ കൊഹ്‌ലി പറഞ്ഞു.

ശ്രീലങ്കക്കെതിരായ സെഞ്ച്വറിയോടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ 20 ഏകദിന സെഞ്ച്വറികള്‍ എന്ന റെക്കോഡിനൊപ്പമെത്താനും കോഹ്ലിക്കായി. 160 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 20 ഏകദിന സെഞ്ച്വറികള്‍ തികച്ചതെങ്കില്‍ 99 മത്സരത്തില്‍ തന്നെ 20 സെഞ്ച്വറി നേടാന്‍ കോഹ്‌ലിക്കായി.

കോഹ്ലിയുടെ നേട്ടത്തില്‍ പ്രശംസയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും രംഗത്തെത്തിയിരുന്നു. ‘ഇതുപോലെ തന്നെ മികച്ച പ്രകടനവുമായി വിരാട് തുടരണം. ഇന്ത്യയുടെ പേരും പെരുമയും ഇനിയും തിളങ്ങണം. ടോപ് ഓര്‍ഡര്‍ അതിഗംഭീരമായ പ്രകടനമാണ് കാഴ്ചവെച്ചത്,’ സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

12 വ്യാഴാഴ്ച ഇന്ത്യന്‍ സമയം 1:30ക്ക് ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുക. ഇതിലും വിജയിക്കുകയാണെങ്കില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യക്ക് മുന്നിലെത്താം.

Content Highlight: Virat Kohli’s comment on performance in india Vs sri lanka first odi

We use cookies to give you the best possible experience. Learn more