ഇക്കഴിഞ്ഞ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ എല്ലാ മത്സരവും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് കളിച്ചിരുന്നു. ഓരോ മത്സരം കഴിയുമ്പോഴും മോശം പ്രകടനത്തില്‍ നിന്നും മോശം പ്രകടനത്തിലേക്ക് കൂപ്പുകുത്തുന്ന പന്തായിരുന്നു പരമ്പരയിലെ പ്രധാന കാഴ്ച.
റെഡ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പന്ത് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അമ്പേ പരാജയമാണ്. പന്തിന്റെ മോശം ഫോമിനെതിരെ മുന്‍ താരങ്ങളടക്കം നിരവധി പേര്‍ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. എന്നാല്‍ ബോര്‍ഡ് പന്തിനെ പിന്തുണക്കുന്ന നിലപാടായിരുന്നു കൈക്കൊണ്ടത്.
ഇപ്പോള്‍ റിഷബ് പന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലിയുടെ ചൈല്‍ഡ് ഹുഡ് കോച്ചായിരുന്ന രാജ്കുമാര്‍ ശര്‍മ. വിരാട് റിഷബ് പന്തില്‍ ഒരുപാട് വിശ്വാസമര്‍പ്പിച്ചിരുന്നുവെന്നും എന്നാല്‍ ആ വിശ്വാസം നിലനിര്‍ത്താന്‍ പന്തിന് സാധിച്ചില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘നിരവധി മത്സരങ്ങള്‍ കളിച്ചിട്ടും പന്ത് ഒരു പരാജമായി തന്നെ തുടരുകയാണ്. വിരാട് കോഹ്‌ലി അവനെ ഒരുപാട് പിന്തുണച്ചിരുന്നു. എന്നാല്‍ അവന്‍ ഒട്ടും തന്നെ മെച്ചപ്പെട്ടില്ല. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അവന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ശരാശരിക്ക് താഴെ മാത്രം നില്‍ക്കുന്ന ഒരു താരമാണ്,’ രാജ്കുമാര്‍ ശര്‍മ പറഞ്ഞു.
പന്ത് തന്റെ ഫോം മടക്കിയെടുക്കാന്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി ചെല്ലണമെന്നും അദ്ദേഹം പറഞ്ഞു.
‘ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി പോകുന്നത് ഒരു തരത്തിലുള്ള ദോഷവും ഉണ്ടാക്കില്ല. ക്രിക്കറ്റിലെ ബേസിക്‌സ് എല്ലാം ശരിയാക്കി വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിഷബ് പന്ത് മോശം ഫോമിലേക്ക് പോകുമ്പോള്‍ പിന്തുണക്കേണ്ടത് തങ്ങളാണെന്നും അവന്‍ ഒരു മാച്ച് വിന്നര്‍ ആണെന്ന ബോധ്യമുണ്ടെന്നുമായിരുന്നു പന്തിനെ പിന്തുണച്ചുകൊണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ പറഞ്ഞത്.
‘ഒരു മാച്ച് വിന്നര്‍ ആരാണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ ഒരു ലാര്‍ജര്‍ ക്യാന്‍വാസിലേക്ക് നോക്കുകയും ആ ചിത്രം മനസിലാക്കുകയും വേണം. നിങ്ങള്‍ വിശകലനം നടത്തണം. നിങ്ങളുടെ തീരുമാനം അതിനെ അടിസ്ഥാനമാക്കിയാകണം.
സഞ്ജു തീര്‍ച്ചയായും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലഭിച്ച അവസരങ്ങളിലെല്ലാം തന്നെ മികച്ച രീതിയിലാണ് സഞ്ജു കളിക്കുന്നത്.
എന്നാല്‍ അവസരങ്ങള്‍ക്കായി നിങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കും. കാരണം അവന്‍ (റിഷബ് പന്ത്) മികച്ച പ്രകടനം നടത്തിയിരുന്നു. ഒരു മാച്ച് വിന്നര്‍ എന്ന നിലയില്‍ അവന്റെ സ്‌കില്ലുകള്‍ എന്താണെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെ അവന്‍ മോശം പ്രകടനം പുറത്തെടുക്കുമ്പോള്‍ അവനെ പിന്തുണക്കുകയാണ് വേണ്ടത്,’ ധവാന്‍ പറഞ്ഞു.