വരാനിരിക്കുന്ന ഐ.പി.എല്‍ മത്സരത്തിന് മുമ്പായി മുംബൈ ഇന്ത്യന്‍ ചെയ്തത് വലിയൊരു മണ്ടത്തരമാണെന്നും, മുംബൈയെ പോലെ ഒരു ടീം ഒരിക്കലും അക്കാര്യം ചെയ്യരുതായിരുന്നുവെന്നും വിരാട് കോഹ്‌ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ.
ട്രെന്റ് ബോള്‍ട്ടിനെ പോലെ ഒരു താരത്തിനെ ലേലത്തില്‍ വിട്ടുകളഞ്ഞത് മുംബൈ ഇന്ത്യന്‍സ് ചെയ്ത തെറ്റായ കണക്കുകൂട്ടലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
ഖേല്‍നീതി പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.
ലേലത്തിന് മുമ്പ് ബോള്‍ട്ടിനെ ടീമില്‍ നില്‍നിര്‍ത്താതിരുന്നതും, ലേലത്തില്‍ തിരികെ ടീമിലെത്തിക്കാന്‍ സാധിക്കാതിരുന്നതും മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറയുന്നു.
‘മുംബൈ ഇന്ത്യന്‍സ് ബോള്‍ട്ടിനെ മിസ് ചെയ്യുമെന്നുറപ്പാണ്. അവരുടെ തെറ്റായ കണക്കുകൂട്ടലിന്റെ ഭാഗമായാണ് അവര്‍ ബോള്‍ട്ടിനെ വിട്ടുകളഞ്ഞത്.
ബോള്‍ട്ടും ബുംറയും ചേര്‍ന്നാണ് മുംബൈയെ നിരവധി മത്സരങ്ങള്‍ വിജയിപ്പിച്ചത്. എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല,’ അദ്ദേഹം പറയുന്നു
മുംബൈ പേസ് നിരയിലെ വിശ്വസ്ത താരമായിരുന്ന ട്രെന്റ് ബോള്‍ട്ടിനെ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് കൈവിട്ടുകളയുകയായിരുന്നു. എന്നാല്‍ ബോള്‍ട്ടിന് പകരം മൂന്ന് സീമേഴ്‌സിനെയായിരുന്നു മുംബൈ ടീമിലെത്തിച്ചത്.
ഡാനിയല്‍ സാംസ്, ജയദേവ് ഉനദ്കട്, ടൈമല്‍ മില്‍സ് എന്നിവരാണ് ബോള്‍ട്ടിന് പകരം ടീമിലെത്തിയത്. ഈ മൂന്ന് പേരെ ടീമിലെത്തിച്ച് ബോള്‍ട്ടിന്റെ വിടവ് നികത്താനാണ് അവര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ അത് എത്രത്തോളം ഫലവത്താവും എന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മുംബൈ കൈവിട്ട മാണിക്യത്തെ പൊന്നും വില നല്‍കിയായിരുന്നു സഞ്ജു തങ്ങളുടെ പാളയത്തിലെത്തിച്ചത്. 8 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാന്‍ ബോള്‍ട്ടിനെ ടീമിലെത്തിച്ചത്.
മാര്‍ച്ച് 27നാണ് മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം. ദല്‍ഹി ക്യാപിറ്റല്‍സാണ് മുംബൈയുടെ എതിരാളികള്‍.