| Saturday, 26th March 2022, 3:48 pm

വന്‍പരാജയമാകും; ജഡേജയെ നായകനാക്കിയതില്‍ വിമര്‍ശനങ്ങള്‍ ഏറുന്നു; ഇത്തവണ കോഹ്‌ലിയുടെ പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങിയതോടെണ് ടീമിന്റെ രണ്ടാമത്തെ മാത്രം ക്യാപ്റ്റനാവാനുള്ള ചുമതല ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് കൈവന്നിരിക്കുന്നത്.

ജഡേജ ക്യാപ്റ്റനായതോടെ നിരവധി കോണുകളില്‍ നിന്നും താരത്തിന് അഭിനന്ദന പ്രവാഹമായിരുന്നു. എന്നാല്‍ അദ്ദേഹത്തിനെ ക്യാപ്റ്റന്‍സി ഏല്‍പിച്ചതിനെതിരെയുള്ള വിമര്‍ശനങ്ങളും ചര്‍ച്ചയായിരുന്നു.

രവീന്ദ്ര ജഡേജയെ നായകനാക്കിയ ടീമിന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ബാല്യകാല പരിശീലകനും ക്രിക്കറ്റ് താരവുമായിരുന്ന രാജ്കുമാര്‍ ശര്‍മ. ജഡേജ മികച്ച താരമാണെന്നും, എന്നാല്‍ മികച്ച താരം എപ്പോഴും മികച്ച ക്യാപ്റ്റനാവണമെന്നില്ല എന്നാണ് ശര്‍മ പറയുന്നത്.

‘ലോകത്തിലെ മുന്‍നിര ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷെ അദ്ദേഹം ക്യാപ്റ്റനായി ഒരു ടീമിനെയും ഇതുവരെ നയിച്ചിട്ടില്ല. നായകനായുള്ള അനുഭവസമ്പത്തും അദ്ദേഹത്തിനില്ല. അതുകൊണ്ട് തന്നെ ഇതു ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.

ചിലപ്പോള്‍ ഒരു മികച്ച ക്രിക്കറ്റര്‍ നല്ലൊരു ക്യാപ്റ്റനാവണമെന്നില്ല. മാത്രമല്ല നല്ലൊരു ക്യാപ്റ്റന്‍ മികച്ച ക്രിക്കറ്ററും ആവണമെന്നില്ല’ രാജ്കുമാര്‍ ശര്‍മ പറഞ്ഞു.

നേരത്തെ, ജഡ്ഡുവിനെ നായകനാക്കിയതിനെതിരെ മുന്‍ സി.എസ്.കെ-ഇന്ത്യന്‍ താരം എസ്. ബദ്രിനാഥും രംഗത്തെത്തിയിരുന്നു. നായകനായുള്ള ജഡേജയുടെ അനുഭവ സമ്പത്തിന്റെ അഭാവം തന്നെയാണ് ബദ്രിയും ചൂണ്ടിക്കാണിച്ചത്.

‘ജഡേജ പ്രധാനമായും ഒരു ബൗളര്‍ മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ബാറ്റര്‍ എന്ന നിലയില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ബാറ്റിംഗില്‍ മികവ് കണ്ടെത്തിയതോടെ മാത്രമാണ് അയാള്‍ ഒരു പ്രോപ്പര്‍ ഓള്‍റൗണ്ടറായി മാറിയത്, ഒരു 3ഡി താരമായിരുന്നു അദ്ദേഹം. എന്നാലിപ്പോള്‍ 4 ഡയമെന്‍ഷന്‍ ആയിരിക്കുകയാണ്. ക്യാപ്റ്റന്‍ ആവുന്നതിലൂടെ അദ്ദേഹം ഒരു 4ഡി ക്രിക്കറ്ററായിരിക്കുകയാണ്.

എന്നാല്‍, ജഡേജ ഒരു ടീമിനെ പോലും ഇതുവരെ നയിച്ചിട്ടില്ല എന്ന കാര്യമാണ് ഇപ്പോള്‍ പരിഗണിക്കേണ്ടത്. ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ പോലും ക്യാപ്റ്റനായിട്ടില്ല.

ഹോട്ട്സ്പോട്ടുകളില്‍ ഫീല്‍ഡ് ചെയ്യണം, ബൗള്‍ ചെയ്യുകയും ബാറ്റ് ചെയ്യുകയും വേണം. ഇപ്പോള്‍ ക്യാപ്റ്റന്‍സിയും അദ്ദേഹത്തിന്റെ ചുമതലയിലേക്ക് വന്നു’ ബദ്രിനാഥ് പറയുന്നു.

പുതിയ ഉത്തരവാദിത്തമേറ്റെടുത്ത ശേഷം ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ തന്നെയാണ് ജഡേജയ്ക്ക് ചെന്നൈയെ നയിക്കാനുള്ളത്. മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍.

Content Highlight: Virat Kohli’s Childhood coach Rajkumar Sharma against Ravindra Jadeja’s captaincy

We use cookies to give you the best possible experience. Learn more