ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ വിരാട് കോഹ്‌ലിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ. 2023 ഏകദിന ലോകകപ്പിന് മുമ്പ് തന്നെ വിരാട് സ്വയം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2023 ലോകകപ്പ് അടുത്ത് വരുന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ഓരോ ഏകദിന മത്സരങ്ങളും അത്രത്തോളം പ്രധാനമാണ്. വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങിയെത്തിയതും ഇന്ത്യയെ സംബന്ധിച്ച് ഗുണകരമായ വസ്തുതയാണ്.
ഏറെ കാലത്തെ സെഞ്ച്വറി വരള്‍ച്ചക്ക് ശേഷമായിരുന്നു വിരാട് കോഹ്‌ലി ഏകദിനത്തില്‍ സെഞ്ച്വറിയടിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു മൂന്ന് വര്‍ഷത്തിന് ശേഷം വിരാടിന്റെ ബാറ്റില്‍ നിന്നും മൂന്നക്കം പിറന്നത്.
91 പന്തില്‍ നിന്നും 113 റണ്‍സായിരുന്നു വിരാട് സ്വന്തമാക്കിയത്. 11 ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു വിരാട് സെഞ്ച്വറി റോയലാക്കിയത്.
2022 വിരാടിനെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല എന്നും എന്നാല്‍ ഈ വര്‍ഷം അതെല്ലാം മാറുമെന്നും രാജ്കുമാര്‍ ശര്‍മ അഭിപ്രായപ്പെടുന്നു.
‘കഴിഞ്ഞ വര്‍ഷത്തെ അവന്റെ കണ്‍വേര്‍ഷന്‍ റേറ്റ് ഒട്ടും മികച്ചതായിരുന്നില്ല. എപ്പോഴെല്ലാം അവന്‍ 25 റണ്‍സ് സ്‌കോര്‍ ചെയ്‌തോ, അപ്പോഴെല്ലാം അവന്‍ വമ്പന്‍ സ്‌കോര്‍ നേടുമെന്നായിരുന്നു ആളുകള്‍ പ്രതീക്ഷിച്ചിരുന്നത്.
എല്ലാ കളിക്കാരന്റെയും ജീവിതത്തില്‍ മോശപ്പെട്ട കാലം ഉണ്ടായിരിക്കും. 2023ല്‍ നമുക്ക് വിന്റേജ് വിരാട് കോഹ്‌ലിയെ കാണാന്‍ സാധിക്കും,’ അദ്ദേഹം പറഞ്ഞു.
‘അവന്‍ ഇന്ത്യയെ ഒരുപാട് തവണ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. വിരാടിനെ സംബന്ധിച്ച് അവന് ആളുകളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ സാധിക്കാതെ പോയ ഒരു കാലമുണ്ടായിരുന്നു, എന്നാല്‍ 2023 ലോകകപ്പിന് മുമ്പ് അവന്‍ സ്വയം തെളിയിക്കും,’ രാജ്കുമാര്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്കാണ് ഇനി കളമൊരുങ്ങുന്നത്. നേരത്തെ നടന്ന ടി-20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം തന്നെ ഐ.സി.സി ഏകദിന ലോകകപ്പും വരുന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ഓരോ ഏകദിന മത്സരങ്ങളും നിര്‍ണായകമായിരിക്കും.