ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ കാര്യമായ ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും മറ്റൊരു തരത്തില്‍ തിളങ്ങിയിരിക്കുകയാണ് കിങ് കോഹ്‌ലി.
സന്നാഹ മത്സരത്തില്‍ തുടക്കം നന്നായെങ്കിലും 13 പന്തില്‍ ഒന്ന് വീതം ഫോറും സിക്സും സഹിതം 19 റണ്‍സിന് കോഹ്‌ലി പുറത്താവുകയായിരുന്നു.
എന്നാല്‍ കോഹ്‌ലി തന്റെ പേര് മത്സരത്തില്‍ കുറിച്ചുവെച്ചത് എക്‌സ്ട്രാ ഓര്‍ഡിനറി ഫീല്‍ഡിങ് സ്‌കില്ലിലൂടെയാണ്. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച പ്രകടനമായി ഇത് മാറുകയായിരുന്നു.
ഓസ്ട്രേലിയയുടെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ ടിം ഡേവിഡിനെ റണ്‍ ഔട്ടാക്കിയ കോഹ്‌ലിയുടെ ഫീല്‍ഡിങ് അമ്പരപ്പിക്കുന്നതായിരുന്നു. പറന്ന് പന്ത് പിടിച്ച കോഹ്‌ലി ഡയറക്റ്റ് ഹിറ്റില്‍ കുറ്റി തെറിപ്പിക്കുകയായിരുന്നു.
അവസാന ഓവറില്‍ കോഹ്‌ലിയുടെ ഫീല്‍ഡിങ് ബ്രില്ല്യന്‍സ് വീണ്ടും കണ്ടു. പാറ്റ് കമ്മിന്‍സിന്റെ ക്യാച്ച് ബൗണ്ടറി ലൈനില്‍ നിന്നും ഒറ്റകൈ കൊണ്ട് കൈപ്പിടിയില്‍ ഒതുക്കിയാണ് കോഹ്‌ലി വീണ്ടും ഞെട്ടിച്ചത്.
ഷമിയുടെ അവസാന ഓവറിലെ മൂന്നാമത്തെ പന്തിലായിരുന്നു സംഭവം. കോഹ്‌ലി ആ അത്യുജ്ജലമായ ക്യാച്ച് എടുത്തില്ലായിരുന്നെങ്കില്‍ സിക്സ് പോകുകയും ഇന്ത്യ മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തേനെ.
കോഹ്‌ലിയുടെ ഈ തകര്‍പ്പന്‍ ഫീല്‍ഡിങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലാകെ മിനുട്ടുകള്‍ക്കകമാണ് വൈറലായത്.
അതേസമയം, സന്നഹ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെ.എല്‍. രാഹുലിന്റെയും, സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഏഴ് വിക്കറ്റിന് 186 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓസീസിന് നിശ്ചിത ഓവറില്‍ മുഴുവന്‍ വിക്കറ്റും നഷ്ടമാക്കികൊണ്ട് 180 റണ്‍സ് നേടാന്‍ മാത്രമേ സാധിച്ചുള്ളൂ.