ആദ്യം കണ്ടത് 'അംബി വിരാട്', പിന്നാലെ വന്നത് 'അന്ന്യന്‍ വിരാട്'; ക്രിക്കറ്റിലെ ദി റിയല്‍ കിങ്
Asia Cup
ആദ്യം കണ്ടത് 'അംബി വിരാട്', പിന്നാലെ വന്നത് 'അന്ന്യന്‍ വിരാട്'; ക്രിക്കറ്റിലെ ദി റിയല്‍ കിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th September 2023, 7:57 am

തന്റെ പ്രിയ ഗ്രൗണ്ടില്‍ വീണ്ടും വിസ്മയം തീര്‍ത്താണ് വിരാട് കോഹ്‌ലി ക്രിക്കറ്റ് ആരാധകരെ വീണ്ടും ആവേശത്തിന്റെ പരകോടിയെത്തിച്ചത്. കഴിഞ്ഞ ദിവസം ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടിയാണ് വിരാട് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായത്.

കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലെ റിസര്‍വ് ഡേയിലായിരുന്നു വിരാടിന്റെ വിളയാട്ടം. 94 പന്തില്‍ നിന്നും പുറത്താകാതെ 122 റണ്‍സാണ് വിരാട് നേടിയത്, അതും ഇന്നിങ്‌സിലെ അവസാന പന്തില്‍ സിക്‌സര്‍ നേടിക്കൊണ്ട്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും അടിത്തറയിട്ട ഇന്നിങ്‌സ് വണ്‍ ഡൗണായെത്തിയ വിരാടും തിരിച്ചുവരവ് ഗംഭീമാക്കിയ കെ.എല്‍. രാഹുലും ചേര്‍ന്ന് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. 123ാം റണ്‍സില്‍ ക്രീസിലെത്തിയ ഈ കൂട്ടുകെട്ട് 356ാം റണ്‍സിലും പിരിയാതെ നിന്നു.

പതിഞ്ഞ താളത്തിലായിരുന്നു വിരാട് തുടങ്ങിയത്. തന്റെ ഇന്നിങ്‌സിലെ ആദ്യ മിനിട്ടുകളില്‍ ക്രീസില്‍ നിലനില്‍ക്കാന്‍ മാത്രമായിരുന്നു വിരാട് ശ്രമിച്ചത്. 16.4 ഓവറില്‍ ക്രീസിലെത്തിയ വിരാട് 24.1 ഓവറില്‍ ആദ്യ ദിവസം മഴയെടുക്കുമ്പോള്‍ 16 പന്ത് നേരിട്ട് എട്ട് റണ്‍സ് മാത്രമായിരുന്നു നേടിയിരുന്നത്.

സെപ്റ്റംബര്‍ 11ന് മത്സരം പുനരാരംഭിച്ചപ്പോഴും വിരാട് പതിഞ്ഞ് തന്നെയാണ് റണ്‍സ് നേടിയത്. ഫിഫ്റ്റി തികയ്ക്കാന്‍ തിടുക്കം കാട്ടാതിരുന്ന രോഹിത് 90 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

എന്നാല്‍ മിഡില്‍ ഓവറിലെ വിരാടിനെയായിരുന്നില്ല ഡെത്ത് ഓവറില്‍ കൊളംബോ കണ്ടത്. അക്ഷരാര്‍ത്ഥത്തില്‍ കോഹ്‌ലി കളം നിറഞ്ഞാടുകയായിരുന്നു. ആദ്യ 50 റണ്‍സ് 90 എന്ന സ്‌ട്രൈക്ക് റേറ്റില്‍ സ്വന്തമാക്കിയ വിരാട് അടുത്ത 50 റണ്‍സ് 172 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റേിലാണ് സ്വന്തമാക്കിയത്.

ഒടുവില്‍ 94 പന്തില്‍ മൂന്ന് സിക്‌സറിന്റെയും ഒമ്പത് ബൗണ്ടറിയുടെയും അകമ്പടിയോടെ പുറത്താകാതെ 122 റണ്‍സാണ് വിരാട് നേടിയത്. പരിക്കിന് പിന്നാലെ തിരിച്ചുവരവ് ഗംഭീരമാക്കിയ കെ.എല്‍. രാഹുല്‍ 106 പന്തില്‍ 111 റണ്‍സുമായി പുറത്താകാതെ നിന്നു.

നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് ഇന്ത്യ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ബാറ്റിങ്ങില്‍ പാക് നിരയെ തച്ചുതകര്‍ക്കാനുള്ള ഉത്തരവാദിത്തം വിരാടിന്റെ നേതൃത്വത്തില്‍ ബാറ്റര്‍മാര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ബാബറിനെയും സംഘത്തെയും എറിഞ്ഞിടാനുള്ള ചുമതല കുല്‍ദീപ് സ്വയമേറ്റെടുക്കുകയായിരുന്നു.

എട്ട് ഓവര്‍ പന്തെറിഞ്ഞ് 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഫഖര്‍ സമാന്‍, ആഘാ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ് എന്നിവരെയാണ് കുല്‍ദീപ് മടക്കിയത്. ബുംറ, ഹര്‍ദിക് പാണ്ഡ്യ, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രണ്ട് താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല.

ഒടുവില്‍ 228 റണ്‍സിന്റെ പടുകൂറ്റന്‍ വിജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. സെപ്റ്റംബര്‍ 12നാണ് ഇന്ത്യയുടെ അടുത്ത മത്സരം. രണ്ടാമതുള്ള ശ്രീലങ്കയാണ് എതിരാളികള്‍. ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് ഏഷ്യാ കപ്പിന്റെ ഫൈനലില്‍ കടക്കാം.

 

Content Highlight: Virat Kohli’s brilliant knock against Pakistan in Asia Cup