| Wednesday, 23rd August 2023, 6:00 pm

എല്ലാം വിരാട് നോക്കിക്കോളും എന്ന് വെറുതെ പറയുന്നതല്ല, പാകിസ്ഥാനെ കിട്ടിയാല്‍ അവന് ഭ്രാന്താണ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന്റെ കര്‍ട്ടന്‍ റെയ്‌സറായി വിലയിരുത്തപ്പെടുന്ന ഏഷ്യ കപ്പാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്. ലോകകപ്പിന് മുമ്പ് ടീം എന്ന നിലയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഏഷ്യ കപ്പിലൂടെ ഇന്ത്യക്ക് സാധിക്കും. ചരിത്രത്തിലെ എട്ടാമത് ഏഷ്യ കപ്പാണ് ഇന്ത്യ 2023ല്‍ ലക്ഷ്യമിടുന്നത്.

സെപ്റ്റംബര്‍ രണ്ടിനാണ് ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് എതിരാളികള്‍. പാകിസ്ഥാന്റെ തീ തുപ്പുന്ന ബൗളിങ് നിരയും ഇന്ത്യയുടെ ശക്തമായ ബാറ്റിങ് നിരയും തമ്മിലുള്ള പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകമൊന്നാകെ കാത്തിരിക്കുന്നത്.

ഷഹീന്‍ ഷാ അഫ്രിദി, ഹാരിസ് റൗഫ്, നസീം ഷാ തുടങ്ങി എണ്ണം പറഞ്ഞ ബ്രഹ്‌മാസ്ത്രങ്ങളാണ് പാകിസ്ഥാന്റെ ആവനാഴിയിലുള്ളത്. ഇവരുടെ പേസാക്രമണത്തിന് ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. മഹീന്ദ രാജപക്‌സെ സ്റ്റേഡിയത്തില്‍ നടന്ന പാകിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ പാക് പേസര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ കളം നിറഞ്ഞാടുകയായിരുന്നു.

ഹാരിസ് റൗഫും ഷഹീന്‍ അഫ്രിദിയും അടങ്ങുന്ന പാകിസ്ഥാന്റെ ബൗളിങ് നിരയെ നേരിടാന്‍ എന്തെങ്കിലും പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യവും അതിന് അഗാര്‍ക്കര്‍ നല്‍കിയ മറുപടിയും ചര്‍ച്ചയായിരുന്നു. അതെല്ലാം വിരാട് നോക്കിക്കോളും എന്നാണ് അഗാര്‍ക്കര്‍ മറുപടി നല്‍കിയത്.

ഐ.സി.സി ഇവന്റുകളില്‍ പാകിസ്ഥാനെതിരെ വിരാട് കോഹ്‌ലിയുടെ റെക്കോഡ് അപാരമാണ്. 2022 ടി-20 ലോകകപ്പില്‍ ഇന്ത്യയെ വിരാട് ഒറ്റക്കായിരുന്നു തോളിലേറ്റിയത്. തോല്‍വിയുറപ്പിച്ചിടത്ത് നിന്നുമാണ് വിരാട് ഇന്ത്യയുടെ രക്ഷകനായി എത്തിയത്.

വിരാടിന്റെ കരിയറിലെ ഏറ്റവും മികച്ചതും പ്രാധാന്യമര്‍ഹിക്കുന്നതുമായ ഇന്നിങ്‌സുകളെടുക്കുമ്പോള്‍ മെല്‍ബണിലെ ഈ മത്സരം മുന്‍നിരയില്‍ തന്നെ കാണും. ഹാരിസ് റൗഫിനെതിരെ വിരാട് നേടിയ സിക്‌സറുകള്‍ക്ക് പോലും ഒരു പ്രക്യേത ഫാന്‍ ബേസ് തന്നെയാണുള്ളത്.

2012ലെ ഏഷ്യ കപ്പ് മുതല്‍ വിരാട് പാക് മര്‍ദകനായി മാറിയിരുന്നു. അന്ന് പാകിസ്ഥാനെതിരെ നേടിയ 183 റണ്‍സാണ് വിരാടിന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

വിവിധ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാനെതിരെ നേടിയ മികച്ച ഇന്നിങ്‌സുകള്‍

ഏഷ്യ കപ്പ് 2012 – 183

ടി-20 വേള്‍ഡ് കപ്പ് 2012 – 78*

ചാമ്പ്യന്‍സ് ട്രോഫി 2013 – 22*

വേള്‍ഡ് കപ്പ് 2015 – 107

ഏഷ്യ കപ്പ് 2016 – 49

ഏഷ്യ കപ്പ് 2016 – 36*

ചാമ്പ്യന്‍സ് ട്രോഫി 2016 – 81*

ടി-20 വേള്‍ഡ് കപ്പ് 2016 – 55*

വേള്‍ഡ് കപ്പ് 2019 -77*

ടി-20 വേള്‍ഡ് കപ്പ് 2021 – 57

ഏഷ്യ കപ്പ് 2022 – 35

ഏഷ്യ കപ്പ് 2022 – 60

ടി-20 വേള്‍ഡ് കപ്പ് 2022 – 82*

അപൂര്‍വം ചില മത്സരത്തില്‍ മാത്രം ചെറിയ സ്‌കോറിന് പുറത്താകേണ്ടി വന്നിട്ടുണ്ടെങ്കിലും പാകിസ്ഥാന് മേല്‍ വിരാട് പുലര്‍ത്തുന്ന ഡൊമിനേഷന്‍ തന്നെയാണ് അഗാര്‍ക്കറിനെ കൊണ്ട് ഇങ്ങനെ പറയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിവെക്കുന്ന പ്രകടനം തന്നെ വിരാട് പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Virat Kohli’s batting performance against Pakistan

Latest Stories

We use cookies to give you the best possible experience. Learn more