ആക്ഷന്‍ കാണിച്ച് സ്റ്റാറാവാന്‍ നോക്കി ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍; തൊട്ടടുത്ത പന്തില്‍ ദേ കിടക്കുന്നു വിക്കറ്റ്; ഒപ്പം കോഹ്‌ലിയുടെ 'മ്യാരക' റിയാക്ഷനും; വീഡിയോ
Cricket
ആക്ഷന്‍ കാണിച്ച് സ്റ്റാറാവാന്‍ നോക്കി ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍; തൊട്ടടുത്ത പന്തില്‍ ദേ കിടക്കുന്നു വിക്കറ്റ്; ഒപ്പം കോഹ്‌ലിയുടെ 'മ്യാരക' റിയാക്ഷനും; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th December 2022, 7:51 pm

ഇന്ത്യ- ബംഗ്ലാദേശ് ആദ്യടെസ്റ്റിലെ രണ്ട് ഇന്നിങ്‌സ് പൂര്‍ത്തിയാകുമ്പോള്‍ ബംഗ്ലാദേശിനെതിരെ 513 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ പടുത്തുയര്‍ത്തിയിട്ടുള്ളത്. മൂന്നാം ദിനം ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 150ല്‍ അവസാനിപ്പിച്ച് ഇന്ത്യ 254 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. ആതിഥേയരെ ബാറ്റിങ്ങിനയക്കാതെ ഇന്ത്യ വീണ്ടും ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.

സെഞ്ച്വറിയടിച്ച ശുഭ്മാന്‍ ഗില്ലിനൊപ്പം ചേതേശ്വര്‍ പൂജാരയും ചേര്‍ന്നതോടെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 513 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെടുത്തിട്ടുണ്ട്. 25 റണ്‍സോടെ നജ്മുള്‍ ഹുസൈന്‍ ഷാന്റോയും 17 റണ്‍സോടെ ഷാക്കിര്‍ ഹസനുമാണ് ക്രീസില്‍.

അതേസമയം ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ ലിട്ടണ്‍ ദാസ് ഔട്ടാകുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. 24 റണ്‍സ് എടുത്ത ലിട്ടണ്‍ ദാസ് ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. 14ാം ഓവറിലെ ആദ്യപന്ത് എറിഞ്ഞതിന് ശേഷം മുഹമ്മദ് സിറാജ് ലിട്ടണ്‍ ദാസിനടുത്തേക്ക് വന്ന് എന്തോ പറഞ്ഞു.

പിന്നാലെ ചെവി കേള്‍ക്കുന്നില്ല എന്ന ആംഗ്യത്തില്‍ ലിട്ടണ്‍ മുന്നോട്ട് വന്നതോടെ ഇരുവരുടെയും ഇടക്ക് കയറി അമ്പയര്‍ പ്രശ്‌നം അവസാനിപ്പിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ലിട്ടന്റെ വിക്കറ്റ് സിറാജ് തെറിപ്പിച്ചു. ഈ സമയത്തുള്ള വിരാട് കോഹ്‌ലിയുടെ എക്‌സ്‌പ്രെഷനാണ് ഹൈലൈറ്റായത്. ചെവി കേള്‍ക്കുന്നില്ല എന്ന ലിട്ടന്റെ അതേ ആംഗ്യമാണ് കോഹ്‌ലി കാണിച്ചത്.

ചേതേശ്വര്‍ പൂജാരയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെയാണ് മൂന്നാം ദിനത്തിലെ ഇന്ത്യന്‍ ഇന്നിങ്‌സ് സ്‌കോര്‍ ഉയര്‍ന്നത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 113 റണ്‍സടിച്ചു. 147 പന്തില്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കുറിച്ച ഗില്‍ 10 ഫോറും മൂന്ന് സിക്‌സും പറത്തി 152 പന്തില്‍ 110 റണ്‍സെടുത്ത് പുറത്തായി. ഇതിനുശേഷം കോഹ്‌ലിയെ കൂട്ടുപിടിച്ച പൂജാര ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി.

52 ഇന്നിങ്‌സുകള്‍ക്കുശേഷം 130 പന്തില്‍ പൂജാര സെഞ്ചുറിയിലെത്തി. ടെസ്റ്റില്‍ പൂജാരയുടെ വേഗമേറിയ സെഞ്ച്വറി കൂടിയാണിത്. പൂജാര സെഞ്ചുറി തികച്ചതിന് ശേഷം ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. പൂജാരക്കൊപ്പം 19 റണ്‍സുമായി വിരാട് കോഹ്‌ലി പുറത്താകാതെ നിന്നു.

Content Highlight: virat kohli’s action between india- bangladesh test cricket