| Friday, 18th August 2023, 8:01 pm

മലിംഗ മുതല്‍ ഹാരിസ് റൗഫ് വരെ; കിങ് കോഹ്‌ലിയുടെ 15 വര്‍ഷം!

മുഹമ്മദ് ഫിജാസ്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോഹ്‌ലി. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റായാലും തന്റെ ഏറ്റവും ബെസ്റ്റ് പ്രകടനം നല്‍കാന്‍ വിരാടിന് സാധിക്കാറുണ്ട്. മോഡേണ്‍ ഡേ ക്രിക്കറ്റില്‍ വിരാടിനോളം ഫോര്‍മാറ്റ് അനുസരിച്ച് അഡാപ്റ്റ് ചെയ്യാന്‍ സാധിക്കുന്ന താരങ്ങള്‍ കുറവാണ്.

15 വര്‍ഷം മുമ്പ് ഓഗസ്റ്റ് 18നാണ് വിരാട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. 2008ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു താരം അരങ്ങേറിയത്. 19 വയസുള്ള വെറും എട്ട് ലിസ്റ്റ് എ മത്സരം മാത്രം കളിച്ച് പരിചയമുള്ള വിരാടിന് ആ പരമ്പരയിലേക്കുള്ള വിളി സര്‍പ്രൈസായിരുന്നു. സച്ചിന്‍ സെവാഗ് എന്നീ ഓപ്പണര്‍മാര്‍ക്ക് പരിക്കേറ്റതിനാല്‍ വിരാടിനെ ഓപ്പണറായിട്ടായിരുന്നു ടീമില്‍ ഉള്‍പ്പെടുത്തിയത്.

12 റണ്‍സ് നേടി നുവാന്‍ കുലശേഖരക്ക് വിക്കറ്റ് നല്‍കി വിരാട് പുറത്തായി. അതേ പരമ്പരയില്‍ തന്നെ നാലാം മത്സരത്തില്‍ താരം ആദ്യത്തെ അര്‍ധസെഞ്ച്വറി നേടിയിരുന്നു. ഇന്ന് 15 വര്‍ഷം കഴിഞ്ഞ് നില്‍ക്കുമ്പോള്‍ വിരാട് നേടാത്ത റെക്കോഡുകളില്ല. അദ്ദേഹത്തിന്റെ ഡെബ്യുവിന് ശേഷം സകല ബാറ്റിങ് റെക്കോഡും വിരാടിന്റെ പേരില്‍ തന്നെയാണ്. കൂടുതല്‍ റണ്‍സ്, ഫോറുകള്‍, അര്‍ധസെഞ്ച്വറികള്‍, സെഞ്ച്വറികള്‍, അങ്ങനെ നീളുന്നു ആ ലിസ്റ്റ്.

ക്യാപ്റ്റനായും ബാറ്ററായും ഇന്ത്യന്‍ ടീമിന്റെ നെടുംതൂണാകാന്‍ വിരാടിന് സാധിച്ചിട്ടുണ്ട്. വിരാടിന്റെ കരിയറിലേക്ക് തിരിഞ്ഞു നോക്കുകയാണെങ്കില്‍ അദ്ദേഹം മോശം ഫോമിലായി, അല്ലെങ്കില്‍ സ്ട്രഗിള്‍ ചെയ്യുന്നു എന്ന് എല്ലാവര്‍ക്കും തോന്നുന്ന സമയം, ആളുകള്‍ അദ്ദേഹത്തെ ട്രോളാന്‍ തുടങ്ങും, വ്യക്തിഹത്യ ചെയ്യും, ആ മൊമന്റില്‍ മറുപടിയുണ്ടാകും, വായ കൊണ്ടല്ല ബാറ്റ് കൊണ്ട്.

മോഡേണ്‍ ഡേ ക്രിക്കറ്റ് ലെജന്‍ഡ്‌സായ എ.ബി. ഡിവില്ലേഴ്‌സിനെ പോലെ അണ്‍ഓര്‍ത്തോഡോക്‌സ് ഷോട്ടുകളോ, രോഹിത് ശര്‍മയെ പോലെ ഗിഫ്റ്റഡ് ടാലെന്റൊ അല്ല വിരാട്. വിരാടിനെ വിരാട് ആക്കിയത് ആ ആറ്റിറ്റിയൂഡും, സകലതും നേടാനുള്ള ആഗ്രഹവും. പാഷനും, ഹാര്‍ഡ് വര്‍ക്കുമാണ്. അതിനാണ് നമ്മള്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷം സാക്ഷിയായത്.

മലിംഗയെ അദ്ദേഹത്തിന്റെ പീക്ക് ടൈമില്‍ പഞ്ഞിക്കിട്ടതും, ജോണ്‍സണെ അഡ്‌ലെയ്ഡിലും മെല്‍ബണിലും വെള്ളം കുടിപ്പിച്ചതും, റബാഡയെ ഒന്നുമല്ലാതാക്കിയ ആ ഫൈന്‍ ലെഗിന് മുകളിലേക്ക് പായിച്ച സിക്‌സറുമെല്ലാം ഈ ആറ്റിറ്റിയൂഡിന്റെ പുറത്ത് സംഭവിച്ചതാണ്. എന്തിനേറെ പുറകോട്ട് പോണം ഈ കഴിഞ്ഞ ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിച്ച ഇന്നിങ്‌സ് മാത്രം മതി വിരാടിന്റെ ലെവല്‍ അറിയാന്‍.

ഹാരിസ് റൗഫ് എറിഞ്ഞ ബൗണ്‍സര്‍ ഫ്രണ്ട് ലെഗ് ക്ലിയര്‍ ചെയത് ഓവര്‍ ദി ടോപ്പിലേക്ക് പഞ്ച് ചെയ്ത ആ സിക്‌സര്‍ എക്കാലവും ഐക്കോണിക്കായിരിക്കും. അത് മറ്റ് ബാറ്റര്‍മാര്‍ക്ക് സാധിക്കുമോ എന്നത് പോലും സംശയമാണ്. മനോനിലയുടെ അങ്ങേയറ്റമാണ് ആ ഷോട്ട് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

2016 ഐ.പി.എല്‍ സീസണും വിരാടിന് മാത്രം സാധിക്കുന്നതാണ്. ശൂന്യതയില്‍ നിന്നും ആര്‍.സി.ബിയെ ഫൈനല്‍ വരെ എത്തിക്കാന്‍ വിരാട് അന്ന് കാണിച്ച പ്രകടനം ഐ.പി.എല്ലിന് പുതിയ ചരിത്രമായിരുന്നു. 973 റണ്‍സും നാല് സെഞ്ച്വറിയുമാണ് വിരാട് ആ സീസണില്‍ സ്വന്തം പേരില്‍ കുറിച്ചത്.

2012ല്‍ തന്റെ 22ാം വയസില്‍ ഹൊബാര്‍ട്ടില്‍ ശ്രീലങ്കക്കെതിരെ നേടിയ 133 റണ്‍സും അതേവര്‍ഷം ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ നേടിയ 183 റണ്‍സൊന്നും ആരാധകരും ക്രിക്കറ്റ് ലോകവും ഒരിക്കലും മറക്കില്ല. ടി-20 ലോകകപ്പുകളില്‍ ഇന്ത്യയെ പലതവണ വിരാട് ഒറ്റക്ക് രക്ഷിച്ചെടുത്തിട്ടുണ്ട്. 2012, 2014, 2016, 2021 ഇതിലെല്ലാം വിരാട് മികച്ചുനിന്നപ്പോള്‍ ഇന്ത്യ കലമുടക്കുകയായിരുന്നു.

2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോഴും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോഴും വിരാട് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. രണ്ട് ടൂര്‍ണമെന്റിന്റെയും ഫൈനലില്‍ നിര്‍ണായക് പങ്കുവഹിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

വിരാടിന്റെ റണ്‍വേട്ട പോലെ തന്നെ മികച്ചതാണ് അദ്ദേഹത്തിന്റെ വിക്കറ്റിനടയിലേ ഓട്ടവും. റണ്‍സെടുക്കാന്‍ എപ്പോഴും ബൗണ്ടറി തന്നെ നേടണമില്ലെന്ന് വിരാട് പലകുറി തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നെസിന് ഒരു മുഖം കൊണ്ടുവരാന്‍ വിരാട് ഒരു കാരണമായിട്ടുണ്ട.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം, ലോകം ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞതും ആരാധിക്കുന്നതുമായ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലിയല്ലാതെ മറ്റാരാണ്. ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പ് നേടുക എന്ന ലക്ഷ്യത്തിലായിരിക്കും വിരാടിപ്പോള്‍.

Content Highlight: Virat Kohli’s 15 years in Intl Cricket

മുഹമ്മദ് ഫിജാസ്

We use cookies to give you the best possible experience. Learn more