Advertisement
icc world cup
കളിക്ക് മുമ്പേ രോഹിത് റെക്കോഡിട്ടപ്പോള്‍ ഒറ്റ പന്തില്‍ രണ്ട് വ്യത്യസ്ത റെക്കോഡിട്ട് വിരാടും ബുംറയും; ഓസീസ് കിതയ്ക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 08, 12:51 pm
Sunday, 8th October 2023, 6:21 pm

ലോകകപ്പിലെ ഇന്ത്യ-ഓസ്ട്രേലിയ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചെന്നൈയിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഈ മത്സരത്തിനിറങ്ങിയപ്പോള്‍ തന്നെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരു തകര്‍പ്പന്‍ റെക്കോഡ് തന്റെ പേരില്‍ കുറിച്ചിരുന്നു. ഐ.സി.സി ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്ന പ്രായമേറിയ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് രോഹിത് തന്റെ പേരിലാക്കിയത്. 36 വയസും 161 ദിവസവുമാണ് രോഹിത്തിന്റെ പ്രായം.

രോഹിത്തിന്റെ ക്യാപ്റ്റന്‍സി റെക്കോഡിന് പിന്നാലെ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായ മുഹമ്മദ് അസറുദ്ദീനായിരുന്നു പടിയിറങ്ങേണ്ടി വന്നത്. 36 വയസും 124 ദിവസവുമായിരുന്നു 1999 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുമ്പോള്‍ അസറിന്റെ പ്രായം. ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 2007 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുമ്പോള്‍ 34 വയസും 71 ദിവസവുമായിരുന്നു ദ്രാവിഡിന്റെ പ്രായം.

ക്യാപ്റ്റന്‍സിയില്‍ രോഹിത് റെക്കോഡിട്ടപ്പോള്‍ മൂന്നാം ഓവറിലെ രണ്ടാം പന്തിലാണ് വിരാടും ബുംറയും റെക്കോഡിട്ടത്. ഒരു പന്തിലാണെങ്കിലും രണ്ട് വിവിധ നേട്ടങ്ങളാണ് തങ്ങളുടെ പേരിലെഴുതിച്ചേര്‍ത്തത്.

ബുംറയുടെ പന്തില്‍ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് പുറത്തായതോടെയാണ് ഈ റെക്കോഡ് നേട്ടങ്ങള്‍ പിറവിയെടുത്തത്. ബുംറയുടെ പന്തില്‍ സ്ലിപ്പില്‍ വിരാടിന് ക്യാച്ച് നല്‍കിയാണ് മാര്‍ഷ് പുറത്തായത്. ഈ ക്യാച്ചാണ് വിരാടിനെ റെക്കോഡിനുടമയാക്കിയത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്. വിരാടിന്റെ 15ാം ക്യാച്ചായിരുന്നു അത്.

14 ക്യാച്ച് ഇന്ത്യന്‍ ഇതിഹാസ താരം അനില്‍ കുംബ്ലെയെ മറികടന്നാണ് വിരാട് റെക്കോഡില്‍ തന്റെ പേരെഴുതിച്ചേര്‍ത്തത്. 12 വീതം ക്യാച്ചുമായി കപില്‍ ദേവും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് മൂന്നാം സ്ഥാനത്തുള്ളത്.

ആറ് പന്ത് നേരിട്ട് ഒറ്റ റണ്‍സും നേടാന്‍ സാധിക്കാതെയാണ് മാര്‍ഷ് പുറത്തായത്. ഓസീസ് ഓപ്പണറെ ഡക്കാക്കി മടക്കിയതോടെയാണ് ബുംറ റെക്കോഡ് നേട്ടത്തിനുടമയായത്. ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ ഓസീസ് ഓപ്പണറെ പൂജ്യത്തിന് പുറത്താക്കുന്നത്.

അതേസമയം, ആദ്യം ബാറ്റ് ചെയ്ത ഓസീസ് 199 റണ്‍സിന് ഓള്‍ ഔട്ടായി. 71 പന്തില്‍ 46 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിനായി ഏറ്റവുമധികം റണ്‍സ് നേടിയത്. 52 പന്തില്‍ 41 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും മികച്ച പിന്തുണ നല്‍കി.

എന്നാല്‍ മറ്റൊരു ബാറ്റര്‍ക്കും തിളങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് ഓസീസ് 200ല്‍ താഴെ റണ്‍സിന് പുറത്തായത്.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ഓസീസ് വധം പൂര്‍ണമാക്കി.

 

Content highlight: Virat Kohli, Rohit Sharma, Jasprit Bumrah  scripts records in India vs Australia match