അവസാന ഏകദിനത്തിലും ടി20 പരമ്പരയിലും കോഹ്‌ലിയ്ക്ക് വിശ്രമം; ഇന്ത്യയെ രോഹിത് നയിക്കും
Cricket
അവസാന ഏകദിനത്തിലും ടി20 പരമ്പരയിലും കോഹ്‌ലിയ്ക്ക് വിശ്രമം; ഇന്ത്യയെ രോഹിത് നയിക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd January 2019, 11:17 pm

ഈഡന്‍പാര്‍ക്ക്: ന്യൂസിലാണ്ടില്‍ അവസാന ഏകദിനത്തിലും ടി20 പരമ്പരയില്‍ പൂര്‍ണ്ണമായും കോഹ്‌ലിയ്ക്ക് വിശ്രമം. വരാനിരിക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ട് താരത്തിന്റെ വര്‍ക്ക് ലോഡ് കണക്കിലെടുത്താണ് ബി.സി.സി.ഐയുടെ തീരുമാനം. താരം പൂര്‍ണ്ണ സജ്ജനായി ഇരിക്കാനാണ് ഈ വിശ്രമമമെന്ന് ബോര്‍ഡ് അറിയിച്ചു.

കോഹ്‌ലിയ്ക്ക് പകരം ഉപ നായകന്‍ രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിനെ നയിക്കും. താരത്തിനു പകരക്കാരനെ പ്രഖ്യാപിക്കുകയില്ലെന്നും ബോര്‍ഡ് അറിയിച്ചു.

2018 മുതല്‍ വിരാട് കോഹ്‌ലിയ്ക്ക് ആവശ്യത്തിനു വിശ്രമം ഉറപ്പാക്കിയാണ് ബോര്‍ഡ് താരത്തിന്റെ വര്‍ക്ക് ലോഡ് കൈകാര്യം ചെയ്ത് വരുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ബോര്‍ഡിന്റെ ഇടപെടല്‍.

ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ നേപ്പിയറില്‍ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. 158 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു.

വെളിച്ചക്കുറവ് മൂലം തടസപ്പെട്ട മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 49 ഓവറില്‍ 156 റണ്‍സ് എന്നാക്കി ഇന്ത്യയുടെ വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചിരുന്നു.

രോഹിത് ശര്‍മ്മയാണ് കോഹ്ലിയേക്കൂടാതെ പുറത്തായ ബാറ്റ്സ്മാന്‍. അമ്പാട്ടി റായിഡു ധവാനൊപ്പം പുറത്താകാതെ നിന്നു.

നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് ന്യൂസീലന്‍ഡിനെ തകര്‍ത്തത്. യൂസ്വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റെടുത്തു. അര്‍ധ സെഞ്ചുറി (64) നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നിന്നത്.