| Saturday, 16th October 2021, 8:45 pm

എന്താണ് സംഭവിക്കുന്നതെന്ന് ഒരു ഐഡിയ ഇല്ല; രാഹുല്‍ ദ്രാവിഡ് പുതിയ കോച്ചാകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ടി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് എത്തുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് വിരാട് കോഹ്‌ലി. ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് സംബന്ധിച്ച് ഒരു ഐഡിയ ഇല്ലെന്നും വിശദമായ ചര്‍ച്ചകളൊന്നും ആരുമായും നടത്തിയിട്ടില്ലെന്നുമായിരുന്നു കോഹ്‌ലി പറഞ്ഞത്.

ലോകകപ്പിന് മുന്നോടിയായി ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിനിടെയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലിയുടെ പ്രതികരണം. യു.എ.ഇയിലും ഒമാനിലുമായാണ് ലോകകപ്പ് നടക്കുന്നത്.

തുടക്കത്തില്‍ വിസമ്മതിച്ചെങ്കിലും ടി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് ബി.സി.സി.ഐ മുന്നോട്ട് വെച്ച ഓഫര്‍ ദ്രാവിഡ് സ്വീകരിച്ചെന്നാണ് ബി.സി.സി.ഐയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ലോകകപ്പോടു കൂടി കോച്ച് സ്ഥാനത്തെ രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കും.

ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കുന്നതിനിടെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയേയും സെക്രട്ടറി ജയ് ഷായേയും കണ്ട് ചര്‍ച്ച നടത്താന്‍ ദ്രാവിഡ് ദുബായിലേക്ക് പോയിരുന്നു.

ന്യൂസിലാന്റിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ താല്‍ക്കാലിക പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ നിയമിക്കാന്‍ സാധ്യതയുണ്ടെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബി.സി.സി.ഐ ഇക്കാര്യമാവശ്യപ്പെട്ട് ദ്രാവിഡിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

ദ്രാവിഡ് മുന്‍പ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ടീമിനെ പരിശീലിപ്പിച്ചിരുന്നു.

നിലവില്‍ ബാംഗ്ലൂര്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാണ് ദ്രാവിഡ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും കഴിഞ്ഞ ആറ് വര്‍ഷമായി ദ്രാവിഡിനാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Virat Kohli respond to Rahul Dravid taking charge as the new coach of team India

We use cookies to give you the best possible experience. Learn more