ന്യൂദല്‍ഹി: ടി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് എത്തുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് വിരാട് കോഹ്‌ലി. ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് സംബന്ധിച്ച് ഒരു ഐഡിയ ഇല്ലെന്നും വിശദമായ ചര്‍ച്ചകളൊന്നും ആരുമായും നടത്തിയിട്ടില്ലെന്നുമായിരുന്നു കോഹ്‌ലി പറഞ്ഞത്.
ലോകകപ്പിന് മുന്നോടിയായി ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിനിടെയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലിയുടെ പ്രതികരണം. യു.എ.ഇയിലും ഒമാനിലുമായാണ് ലോകകപ്പ് നടക്കുന്നത്.
തുടക്കത്തില്‍ വിസമ്മതിച്ചെങ്കിലും ടി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് ബി.സി.സി.ഐ മുന്നോട്ട് വെച്ച ഓഫര്‍ ദ്രാവിഡ് സ്വീകരിച്ചെന്നാണ് ബി.സി.സി.ഐയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ലോകകപ്പോടു കൂടി കോച്ച് സ്ഥാനത്തെ രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കും.
ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കുന്നതിനിടെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയേയും സെക്രട്ടറി ജയ് ഷായേയും കണ്ട് ചര്‍ച്ച നടത്താന്‍ ദ്രാവിഡ് ദുബായിലേക്ക് പോയിരുന്നു.