IPL
വിരാടേ വീണ്ടും വീണ്ടും പറയാണ് ഈ പോക്ക് സേഫല്ല... നാണംകെട്ട് മുന്‍ നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Apr 23, 04:54 pm
Saturday, 23rd April 2022, 10:24 pm

ഐ.പി.എല്ലില്‍ തന്റെ മോശം ഫോം വിടാതെ പിന്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ നായകനും റോയല്‍ ചാലഞ്ചേഴ്‌സ് സൂപ്പര്‍ താരവുമായ വിരാട് കോഹ്‌ലി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് താരം ഗോള്‍ഡന്‍ ഡക്കാവുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടായിരുന്നു ആദ്യ പന്തില്‍ തന്നെ പുറത്തായതെങ്കില്‍ ഇത്തവണ അത് സണ്‍റൈസേഴ്‌സിനോടാണ് എന്ന വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

മാര്‍ക്കോ ജോണ്‍സന്റെ പന്തില്‍ സ്ലിപ്പില്‍ എയ്ഡന്‍ മര്‍ക്രമിന് ക്യാച്ച് നല്‍കിയാണ് വിരാട് ഒരിക്കല്‍ക്കൂടി സംപൂജ്യനായത്.

ഈ പോക്ക് തന്നെ തുടരാനാണെങ്കില്‍ വരാനിരിക്കുന്ന ടി 20 ലോകകപ്പ് വിരാടിന് വീട്ടിലിരുന്ന് കാണേണ്ടിവരുമെന്നുറപ്പാണ്. ഇതേ ഫോം പിന്തുടരുകയാണെങ്കില്‍ വിരാട് അടക്കമുള്ള പല ഇന്ത്യന്‍ സീനിയര്‍ താരങ്ങളുടേയും ലോകകപ്പ് സ്വപ്‌നം വെള്ളത്തിലാവുമെന്ന കാര്യത്തില്‍ സംശയമില്ല.

അതേസമയം, ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ആര്‍.സി.ബി. സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ബെംഗളൂരു നേടിയത്.

16.1 ഓവറില്‍ 68 റണ്‍സിന് ടീം ഓള്‍ ഔട്ടാവുകയായിരുന്നു.

രണ്ട് പേര്‍ മാത്രമാണ് ബെംഗളൂരു നിരയില്‍ രണ്ടക്കം കണ്ടത്. 15 റണ്‍സെടുത്ത പ്രഭുദേശായിയാണ് ആര്‍.സി.ബി നിരയിലെ ടോപ് സ്‌കോറര്‍, തൊട്ടുപിന്നാലെ 12 റണ്‍സുമായി മാക്‌സ്‌വെല്ലും പുറത്തായി.

വിരാട് അടക്കം മൂന്ന് പേരാണ് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. ഓപ്പണര്‍ അനുജ് റാവത്തും ഈ സീസണില്‍ ടീമിന്റെ ട്രംപ് കാര്‍ഡായ ദിനേഷ് കാര്‍ത്തിക്കുമാണ് സംപൂജ്യരായ മറ്റ് താരങ്ങള്‍.

ഐ.പി.എല്ലില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ തങ്ങളുടെ മോശം പ്രകടനം തുടരുമ്പോള്‍ ലോകകപ്പിനെ കുറിച്ചാണ് ആരാധകര്‍ ഒരുപോലെ ആശങ്കപ്പെടുന്നത്.

Content Highlight: Virat Kohli registers yet another Golden Duck