മാറ്റിവെച്ച ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് കൊവിഡ് ബാധിച്ചിരുന്നു. അഞ്ചാം തീയതി ആരംഭിക്കുന്ന മത്സരത്തില്‍ രോഹിത് കളിക്കുമൊ എന്നത് ഇപ്പോഴും സംശയത്തിലാണ്.
രോഹിത്തിന് കൊവിഡ് ബാധിച്ചതോടെ ഇന്ത്യന്‍ നിര ആശങ്കയിലാണ്. ആര് കളിക്കാനിറങ്ങുമെന്നും ആര് നായകനാകുമെന്നുമുള്ള ആശങ്കയ്ക്ക് പുറമെ കൂടുതല്‍ കൊവിഡ് കേസുകള്‍ ബാധിക്കാതിരിക്കാനുള്ള മുന്കരുതലിലൂടെയുമാണ് ഇന്ത്യന്‍ ടീം കടന്നു പോകുന്നത്.
റീഷെഡ്യൂള്‍ ചെയ്ത ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ പര്യടനത്തിന് ബയോ ബബിള്‍ നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നു. എന്നാലും കളിക്കാര്‍ പുറത്തുപോകുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ബി.സി.സി.ഐ നിര്‍ദേശിച്ചിരുന്നു.
പക്ഷെ ഇംഗ്ലണ്ടിലെത്തിയ രോഹിത്തും വിരാട് കോഹ്‌ലിയും ആരാധകരുമായി ഇടകലര്‍ന്ന് സെല്‍ഫികള്‍ എടുക്കുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത്തിന് കൊവിഡ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബോര്‍ഡിന്റെ നിര്‍ദേശത്തിന് യാതൊരു വിലയും കൊടുക്കാതിരുന്ന താരങ്ങളെ ബി.സി.സി.ഐ വിമര്‍ശിച്ചിരുന്നുവെന്നാണ് ബി.സി.ഐ.യിലെ ഒരു സോഴ്‌സ് എ.എന്‍.ഐയോട് പറഞ്ഞത്.
‘പൊതുസ്ഥലത്ത് പോയതിന് ബോര്‍ഡ് ചില കളിക്കാരെ ശകാരിച്ചിട്ടുണ്ട്. ചില കളിക്കാര്‍ പരസ്യമായി പോയി ആരാധകരുമായി ഫോട്ടോകളെടുത്തു, അത് അപകടകരമായേക്കാം. ജാഗ്രത പാലിക്കാന്‍ ഞങ്ങള്‍ അവരോട് പറഞ്ഞിരുന്നു, പക്ഷേ അവര്‍ കേട്ടില്ല. അതുകൊണ്ട് അവര്‍ക്ക് അടുത്ത വാര്‍ണിങ് കൊടുത്തിട്ടുണ്ട്,’ ബി.സി.സി.ഐയിലെ സോഴ്‌സ് പറഞ്ഞു.
എന്നാല്‍ വിരാട് കോഹ്‌ലി, റിഷബ് പന്ത് പോലുള്ള താരങ്ങള്‍ ഇതിന് വലിയ വില കൊടുത്തിട്ടില്ല. രോഹിത്തിന് കൊവിഡ് ബാധിച്ചതിന് ശേഷവും പന്ത് ആരാധകരുടെ കൂടെ ഫോട്ടോ എടുക്കുന്ന ഫോട്ടോകള്‍ വന്നിട്ടുണ്ടായിരുന്നു.
രോഹിത്ത് കളിക്കുമോ എന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സീനിയര്‍ താരമായ വിരാട് ഇങ്ങനെ ചെയ്യുന്നത് മത്സര ഫലത്തെ ബാധിക്കുന്നതാണ്. വിശ്രമത്തിന് ശേഷം ടീമില്‍ തിരിച്ചത്തുന്ന വിരാടിന് ഈ പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. തന്റെ ഫോം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍.
ജൂലൈ അഞ്ചിനാണ് മത്സരം ആരംഭിക്കുന്നത്. ന്യൂസിലാന്‍ഡിനെ 3-0 എന്ന നിലയില്‍ പരമ്പര തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് പടയിറങ്ങുന്നത്.