ഐ.സി.സി ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയിരുന്നു. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
59 പന്തില്‍ 76 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിനു പിന്നാലെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും വിരാട് സ്വന്തമാക്കിയിരുന്നു.
തന്റെ 16ാം പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേട്ടമായിരുന്നു ഇത്. ഇതോടെ ടി-20യില്‍ ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരമായി മാറാനും കോഹ്‌ലിക്ക് സാധിച്ചു. 15 തവണ ഈ നേട്ടം സ്വന്തമാക്കിയ സൂര്യകുമാര്‍ യാദവിനെ മറികടന്നു കൊണ്ടായിരുന്നു വിരാടിന്റെ മുന്നേറ്റം.
ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ താരം, ടീം, അവാര്‍ഡുകളുടെ എണ്ണം എന്നീ ക്രമത്തില്‍
വിരാട് കോഹ്‌ലി-ഇന്ത്യ-16*
സൂര്യകുമാര്‍ യാദവ്-ഇന്ത്യ-15
മുഹമ്മദ് നബി-അഫ്ഗാനിസ്ഥാന്‍-14
രോഹിത് ശര്‍മ-ഇന്ത്യ-14
സിക്കന്ദര്‍ റാസ-സിംബാബ്വെ-14
ഇന്ത്യന്‍ ബൗളിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക അവസാനം പരാജയം സമ്മതിക്കുകയായിരുന്നു.
27 പന്തില്‍ 52 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് സൗത്ത് ആഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. രണ്ട് ഫോറുകളും അഞ്ച് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ക്വിന്റണ്‍ ഡി കോക്ക് 31 പന്തില്‍ 39 റണ്‍സും ട്രിസ്റ്റണ്‍ സ്റ്റംപ്സ് 21 പന്തില്‍ 31 റണ്‍സും നേടി.
Content Highlight:Virat Kohli Record Achievement in T20