കോഹ്‌ലി തന്റെ കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഫോര്‍മാറ്റുകളിലുടനീളമുള്ള കഴിഞ്ഞ 100 മത്സരങ്ങളില്‍ ഒരു സെഞ്ചുറി പോലും നേടാന്‍ കഴിയാത്ത കോഹ്‌ലി ഇന്ത്യന്‍ ടീമിന്റെയും ആര്‍.സി.ബിയുടെയും നായകസ്ഥാനത്ത് നിന്ന് ഉള്‍പ്പെടെ പടിയിറങ്ങിയിരുന്നു.
ഐ.പി.എല്ലിലും വിരാട് കോഹ്‌ലിക്കിത് അത്ര നല്ല കാലമല്ല. ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരനില്‍ നിന്ന് ഇത്തരത്തിലൊരു പ്രകടനം ആരാധകര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.
ക്യാപ്റ്റന്റെ ചുമതലകളില്‍ നിന്നും മാറിനിന്നതിന് പിന്നാലെ സമ്മര്‍ദമേതുമില്ലാതെ താരത്തിന് കളിക്കാന്‍ സാധിക്കുമെന്നും 2016ലെ പ്രകടനം ആവര്‍ത്തിക്കുമെന്നുമാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
വിരാട് കോഹ്‌ലി മാനസികമായി തളര്‍ന്നിരിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും രംഗത്തെത്തിയിരുന്നു. ആറ്-ഏഴ് വര്‍ഷത്തെ ക്രിക്കറ്റ് ജീവിതം ഇനിയും അവശേഷിക്കുന്ന കോഹ്‌ലി ക്രക്കറ്റില്‍ നിന്ന് ഇപ്പോള്‍ ചെറിയൊരു ഇടവേള എടുക്കണമെന്നാണ് ശാസ്ത്രി പറഞ്ഞത്.
എന്നാലിപ്പോള്‍ കോഹ്‌ലി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് കോഹ്‌ലി സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിപ്പോഴെന്നും ഏഷ്യന്‍ കപ്പും ലോകകപ്പും നേടുകയാണ് തന്റെ ലക്ഷ്യമെന്നും കോഹ്‌ലി അഭിമുഖത്തില്‍ പറഞ്ഞു.
‘100 ശതമാനത്തിന്റെ ഭാഗമല്ലാത്ത എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്റെ ജീവിതത്തില്‍ ഞാന്‍ അത് എപ്പോഴും വിശ്വസിക്കുന്നു. അതിനാല്‍ ഒരു ഇടവേള എടുക്കാനാഗ്രഹിക്കുന്നുണ്ട്,’ കോഹ്‌ലി പറഞ്ഞു.
മോശം ഫോം തുടരുകയും പരമ്പരകളും ലോകകപ്പും വരാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കോഹ്‌ലി തന്റെ തീരുമാനത്തെക്കുറിച്ച് തുറന്നുപറയുന്നത്.
Content Highlights: Virat Kohli reacts to suggestions of him taking a break