കോഹ്‌ലി തന്റെ കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഫോര്‍മാറ്റുകളിലുടനീളമുള്ള കഴിഞ്ഞ 100 മത്സരങ്ങളില്‍ ഒരു സെഞ്ചുറി പോലും നേടാന്‍ കഴിയാത്ത കോഹ്‌ലി ഇന്ത്യന്‍ ടീമിന്റെയും ആര്‍.സി.ബിയുടെയും നായകസ്ഥാനത്ത് നിന്ന് ഉള്‍പ്പെടെ പടിയിറങ്ങിയിരുന്നു.
ഐ.പി.എല്ലിലും വിരാട് കോഹ്‌ലിക്കിത് അത്ര നല്ല കാലമല്ല. ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരനില്‍ നിന്ന് ഇത്തരത്തിലൊരു പ്രകടനം ആരാധകര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.
ക്യാപ്റ്റന്റെ ചുമതലകളില്‍ നിന്നും മാറിനിന്നതിന് പിന്നാലെ സമ്മര്‍ദമേതുമില്ലാതെ താരത്തിന് കളിക്കാന്‍ സാധിക്കുമെന്നും 2016ലെ പ്രകടനം ആവര്‍ത്തിക്കുമെന്നുമാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
വിരാട് കോഹ്‌ലി മാനസികമായി തളര്‍ന്നിരിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും രംഗത്തെത്തിയിരുന്നു. ആറ്-ഏഴ് വര്‍ഷത്തെ ക്രിക്കറ്റ് ജീവിതം ഇനിയും അവശേഷിക്കുന്ന കോഹ്‌ലി ക്രക്കറ്റില്‍ നിന്ന് ഇപ്പോള്‍ ചെറിയൊരു ഇടവേള എടുക്കണമെന്നാണ് ശാസ്ത്രി പറഞ്ഞത്.