ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി ലോകകപ്പ് കളിക്കണമോയെന്ന വിഷയത്തില്‍ മൗനം വെടിഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. വിഷയത്തില്‍ സര്‍ക്കാറും ബി.സി.സി.ഐയും എന്ത് തീരുമാനിക്കുന്നുവോ അത് അംഗീകരിക്കുമെന്നാണ് കോഹ്‌ലി പറഞ്ഞത്.
ഓസ്‌ത്രേലിയയുമായുള്ള ട്വന്റി 20 സീരീസിനു മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സി.ആര്‍.പി.എഫ് പട്ടാളക്കാരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. സര്‍ക്കാര്‍ എന്തു ചെയ്യുന്നുവോ ബി.സി.സി.ഐ എന്തു ചെയ്യുന്നുവോ ഞങ്ങളും അതിനൊപ്പം നില്‍ക്കും. സര്‍ക്കാറും ബോര്‍ഡും എന്ത് തീരുമാനിക്കുന്നുവോ ഞങ്ങള്‍ അത് അനുസരിക്കും.” കോഹ്‌ലി പറഞ്ഞു.
സമാനമായ നിലപാട് തന്നെയാണ് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടേതും. സര്‍ക്കാര്‍ പറഞ്ഞാല്‍ 2019ലെ ലോകകപ്പ് തന്നെ വേണ്ടെന്നു വെക്കുമെന്നും ശാസ്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ ഇതില്‍ നിന്നു വിഭിന്നമായ നിലപാടായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും സുനില്‍ ഗവാസ്‌കറും സ്വീകരിച്ചത്. മത്സരിക്കാതെ ഇന്ത്യ പാക്കിസ്ഥാനു മുമ്പില്‍ രണ്ടു പോയിന്റുകള്‍ വഴങ്ങുകയാണെങ്കില്‍ അതിഷ്ടമല്ലെന്നാണ് ഇവര്‍ പറഞ്ഞത്.
” ലോകകപ്പില്‍ എല്ലായ്‌പ്പോഴും ഇന്ത്യ പാക്കിസ്ഥാനെതിരെ വിജയം നേടിയിട്ടുണ്ട്. ഒരിക്കല്‍കൂടി അവരെ തോല്‍പ്പിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. അവര്‍ക്ക് വെറുതെ രണ്ട് പോയിന്റുകള്‍ നല്‍കുന്നതിനെ വ്യക്തിപരമായി വെറുക്കുന്നു.” എന്നായിരുന്നു സച്ചിന്‍ പറഞ്ഞത്.