ഔട്ടോ, ഞാനോ! പുറത്തായതിന് പിന്നാലെ അമ്പയറെ ചോദ്യം ചെയ്ത് കോഹ്‌ലി; ശേഷം ചോദ്യത്തിനും പറച്ചിലിനും നില്‍ക്കാതെ മടക്കം; വീഡിയോ
Sports News
ഔട്ടോ, ഞാനോ! പുറത്തായതിന് പിന്നാലെ അമ്പയറെ ചോദ്യം ചെയ്ത് കോഹ്‌ലി; ശേഷം ചോദ്യത്തിനും പറച്ചിലിനും നില്‍ക്കാതെ മടക്കം; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th June 2022, 2:44 pm

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരമാണ് ഇന്ത്യയിപ്പോള്‍ കളിക്കുന്നത്. ലെസ്റ്റര്‍ഷെയറിനെതിരെ നടക്കുന്ന മത്സരത്തില്‍ ആദ്യ ദിനത്തില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലായിരുന്നു കളിയവസാനിപ്പിച്ചത്.

കെ.എസ്. ഭരതിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. ഭരതിന് പിന്തുണ നല്‍കാന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മാത്രമാണ് സാധിച്ചത്. 69 പന്തില്‍ നിന്നും 33 റണ്‍സായിരുന്നു കോഹ്‌ലി നേടിയത്.

ഇന്നിങ്‌സിലെ 41ാം ഓവറിലായിരുന്നു കോഹ്‌ലിയെ പുറത്താക്കി റോമന്‍ വാല്‍ക്കര്‍ ലെസ്റ്റര്‍ഷെയറിന് ആവശ്യമായ ബ്രേക്ക് ത്രൂ നല്‍കിയത്. വാല്‍ക്കറിന്റെ പന്ത് ഡ്രൈവ് ചെയ്യാനുള്ള ശ്രമമായിരുന്നു കോഹ്‌ലി നടത്തിയത്. എന്നാല്‍ അത് ഫലം കണ്ടില്ല.

പിന്നാലെ വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുക്കുകയും ചെയ്തതോടെ വിക്കറ്റിനായി ബൗളര്‍ അപ്പീല്‍ ചെയ്തു. ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം അമ്പയര്‍ വിക്കറ്റ് നല്‍കുകയായിരുന്നു.

എന്നാല്‍, അമ്പയറുടെ തീരുമാനത്തില്‍ അമ്പരന്ന കോഹ്‌ലി അദ്ദേഹത്തിന്റെ വിധിയെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ എല്‍.ബി.ഡബ്ല്യൂവിലാണ് താന്‍ ഔട്ട് വിളിച്ചതെന്ന് അമ്പയര്‍ വ്യക്തമാക്കിയതോടെ കൂടുതല്‍ ചോദ്യത്തിനും പറച്ചിലിനും നില്‍ക്കാതെ താരം തിരികെ നടക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു.

അതേസമയം, മഴമൂലം ആദ്യദിവസത്തെ കളി നേരത്തെ അവസാനിപ്പിച്ചിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 246 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചിരിക്കുന്നത്.

മുന്‍നിര വിക്കറ്റുകളെല്ലാം ഒന്നിന് പിന്നാലെ ഒന്നായി വീണപ്പോള്‍ ഇന്ത്യന്‍ നിര പരുങ്ങലിലായിരുന്നു. എന്നാല്‍ കെ.എസ്. ഭരതിന്റെ അണ്‍ബീറ്റണ്‍ പെര്‍ഫോര്‍മെന്‍സാണ് ഇന്ത്യയ്ക്ക് തുണയായത്. 111 പന്തില്‍ നിന്നും പുറത്താവാതെ 70 റണ്‍സെടുത്ത ഭരതും 26 പന്തില്‍ നിന്നും 18 റണ്‍സ് നേടിയ ഷമിയുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.

 

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കമുള്ള താരങ്ങള്‍ ലെസ്റ്റര്‍ഷെയറിന് വേണ്ടിയാണ് കളിക്കുന്നത്. പ്രസിദ്ധ് കൃഷ്ണ, ചേതേശ്വര്‍ പൂജാര, റിഷബ് പന്ത് എന്നിവരാണ് ഇന്ത്യയ്‌ക്കെതിരെ ലെസ്റ്ററിനായി കളിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. നിലവില്‍ 2-1 എന്ന ലീഡ് ഇന്ത്യയ്ക്കുണ്ട്. ഇതിന് പുറമെ ഏകദിന, ടി-20 പരമ്പരകളിലും അപ്രമാദിത്വം തെളിയിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

 

Content highlight: Virat Kohli Questions the decision of umpire during India vs  Leicestershire match