| Thursday, 30th March 2023, 5:39 pm

ലോക ക്രിക്കറ്റിലെ ഗോട്ടുകളില്‍ ഒരാള്‍ സച്ചിനാണെന്ന് കോഹ്‌ലി; മറ്റൊരാള്‍ ഇന്ത്യക്കാരന്‍ പോലുമല്ല

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാര്? കഴിഞ്ഞ കുറേ വര്‍ഷമായി ക്രിക്കറ്റ് പ്രേമികളും കളിക്കാരും ഒരുപോലെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന ചോദ്യമാണിത്. ഡോണ്‍ ബ്രാഡ്മാന്‍ മുതല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സും ഹെര്‍ഷല്‍ ഗിബ്‌സും സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും സുനില്‍ ഗവാസ്‌കറുമെല്ലാം ഓരോ കാലഘട്ടത്തിലും മൈതാനങ്ങളില്‍ തങ്ങളുടേതായ അത്ഭുതങ്ങള്‍ കാണിച്ചവരാണ്.

ഇക്കൂട്ടത്തിലെ ഫാന്‍ ഫേവറേറ്റുകളാണ്  വിരാട് കോഹ്‌ലിയും മഹേന്ദ്ര സിങ് ധോണിയുമൊക്കെ. കണക്കിലെ മുന്‍ തൂക്കവും കളിയിലെ റെക്കോര്‍ഡുകളും വെച്ചുനോക്കിയാല്‍ സച്ചിന് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററായി പരിഗണിക്കുന്ന താരമാണ് വിരാട് കോഹ്‌ലി.

ഈയിടെ പല മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങളും വിരാട് കോഹ്‌ലിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കോഹ് ലിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന താരമെന്നാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്.

അതിനിടെ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച രണ്ട് താരങ്ങളെ തെരഞ്ഞെടുത്തിരിക്കുയാണ്  കോഹ്‌ലി.

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സും സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുമാണ് ലോക ക്രിക്കറ്റിലെ ഗോട്ട് പ്ലയേഴ്‌സെന്നാണ് കോഹ്‌ലി പറഞ്ഞത്.

‘എന്റെ അഭിപ്രായത്തില്‍ വിവ് റിച്ചാര്‍ഡ്‌സും സച്ചിന്‍ തെണ്ടുല്‍ക്കറുമാണ് ലോക ക്രിക്കറ്റിലെ ഗോട്ട്‌സ്. അവര്‍ ക്രിക്കറ്റ് കളിയുടെ ഗതി തന്നെ മാറ്റി മറിച്ച താരങ്ങളാണ്. സച്ചിന്‍ ആണ് എന്റെ ഹീറോ,’ കോഹ്‌ലി പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കളിക്കളത്തില്‍ നിന്ന് നേരിടേണ്ടി വന്ന പ്രതിസന്ധികളില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് കോഹ്ലി നടത്തിയത്. ഓസീസിനെതിരായ ടെസ്റ്റ് മത്സരത്തിലും ശേഷം നടന്ന ഏകദിന മത്സരത്തിലും മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ 75 സെഞ്ച്വറികള്‍ അടിച്ച് കൂട്ടിയ താരം വരാനിരിക്കുന്ന കാലത്ത് സച്ചിന്റെ നൂറ് സെഞ്ച്വറിയെന്ന റെക്കോര്‍ഡും തകര്‍ക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: virat kohli predicts goats of cricket

We use cookies to give you the best possible experience. Learn more