|

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കോഹ്‌ലി വീണ്ടും അത് ചെയ്യുമോ? സോഷ്യല്‍ മീഡിയയിൽ തരംഗമായി ബെംഗളൂരുവിന്റെ വെടിച്ചില്ല് പോസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ അവസാനഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്. അടുത്ത റൗണ്ടിലേക്ക് മുന്നേറുന്ന നാലാമത്തെ ടീം ഏതാവുമെന്നുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

നാളെ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരമാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ മത്സരത്തില്‍ മികച്ച റണ്‍ റേറ്റില്‍ ചെന്നൈയെ തോല്‍പ്പിക്കാന്‍ ബെംഗളൂരുവിന് സാധിച്ചാല്‍ പ്ലേ ഓഫിലേക്ക് മുന്നേറാം. മറുഭാഗത്ത് ചെന്നൈക്ക് പ്ലേ ഓഫില്‍ കയറണമെങ്കിൽ ജയിച്ചാല്‍ മാത്രം മതി.

ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍താരം വിരാട് കോഹ്‌ലി പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

വിരാട് കോഹ്‌ലി ബൗളിങ് ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

ബാറ്റിങ്ങിന് പുറമെ കോഹ്‌ലി ബൗളിങ്ങിലും പരിശീലനം നടത്തുന്നതാണ് ആരാധകരില്‍ ഏറെ ആവേശം സൃഷ്ടിച്ചത്. 250 മത്സരങ്ങള്‍ കളിച്ച വിരാട് 251 പന്തുകൊണ്ടാണ് ഇതുവരെ ഐ.പി.എല്ലില്‍ എറിഞ്ഞിട്ടുള്ളത്. നീണ്ട 16 വര്‍ഷത്തെ തന്റെ ഐ.പി.എല്‍ കരിയറില്‍ നാല് വിക്കറ്റുകളാണ് കോഹ്‌ലി നേടിയിട്ടുള്ളത്.

2016 ഐ.പി.എല്ലില്‍ ആണ് കോഹ്‌ലി അവസാനമായി പന്തെറിഞ്ഞത്. നീണ്ട എട്ട് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കോഹ്‌ലി ബെംഗളൂരുവിന് വേണ്ടി പന്ത് എറിയുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഈ സീസണിലും കോഹ്‌ലി മിന്നും ഫോമിലാണ് കളിക്കുന്നത്. 13 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയും അടക്കം 661 റണ്‍സാണ് കോഹ്‌ലിയുടെ അക്കൗണ്ടില്‍ ഉള്ളത്. 66.10 ആവറേജിലും 155.16 സ്ട്രൈക്ക് റൈറ്റിലുമാണ് താരം ബാറ്റ് വീശിയത്.

Content Highlight: Virat Kohli Practice photo viral on Social Media