| Friday, 17th February 2023, 10:18 am

സ്വന്തം പേരിലുള്ള പവലിയന് മുമ്പില്‍ ആദ്യ ടെസ്റ്റ്; വിരാടിനിത് അഭിമാന മുഹൂര്‍ത്തം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന് ദല്‍ഹിയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു.

നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ആദ്യ മത്സരത്തിലെ പരാജയം മറികടക്കാന്‍ ഓസ്‌ട്രേലിയയും ഒന്നാം ടെസ്റ്റിലെ അതേ പ്രകടനം ആവര്‍ത്തിക്കാന്‍ ഇന്ത്യയും ഇറങ്ങുമ്പോള്‍ ദല്‍ഹിയില്‍ തീ പാറുമെന്നുറപ്പാണ്.

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയുടെ നൂറാം ടെസ്റ്റ് എന്ന പ്രത്യേകതയും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിനുണ്ട്. ഇന്ത്യന്‍ നിരയില്‍ നിലവില്‍ വിരാട് കോഹ്‌ലി മാത്രമാണ് ഇന്ത്യക്കായി നൂറ് ടെസ്റ്റ് കളിച്ച മറ്റൊരു താരം.

ചേതേശ്വര്‍ പൂജാരയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരം എന്നതുപോലെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ കരിയറിലെയും ഒരു അത്യപൂര്‍വ മുഹൂര്‍ത്തത്തിനാണ് ദല്‍ഹി ടെസ്റ്റ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

തന്റെ പേരിലുള്ള പവലിയന് മുമ്പിലെ വിരാടിന്റെ ആദ്യ ടെസ്റ്റാണിത്. കരിയറിലെ 107ാമത് മത്സരം കളിക്കാനിറങ്ങുന്ന വിരാട് തന്റെ ഹോം സ്‌റ്റേഡിയത്തില്‍ നാലാമത്തെ മാത്രം മത്സരത്തിനാണ് ഇറങ്ങുന്നത്.

തന്നെ വളര്‍ത്തി വലുതാക്കിയ ഫിറോസ് ഷാ കോട്‌ലയിലേക്ക് വിരാട് കഴിഞ്ഞ ദിവസം ഒറ്റക്ക് കാറോടിച്ചുപോയത് ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായിരുന്നു. ഏകദേശം ആറ് വര്‍ഷത്തിന് ശേഷമാണ് വിരാട് ദല്‍ഹി സ്‌റ്റേഡിയത്തിലെത്തുന്നത്.

ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് തന്റെ ഹോം സ്‌റ്റേഡിയത്തില്‍ സെഞ്ച്വറി കൊണ്ട് വിരാട് മറുപടി നല്‍കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 19 റണ്‍സ് നേടിയിരിക്കുകയാണ്. 13 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയും റണ്ണൊന്നും നേടാത്ത ഡേവിഡ് വാര്‍ണറുമാണ് ക്രീസില്‍. ആറ് റണ്‍സ് എക്‌സ്ട്രാസ് വഴിയാണ് ലഭിച്ചിരിക്കുന്നത്.

ആദ്യ മത്സരത്തില്‍ നിന്നും രണ്ട് മാറ്റത്തോടെയാണ് ഓസീസ് കളത്തിലിറങ്ങിയിരിക്കുന്നത്. മാറ്റ് റെന്‍ഷോക്ക് പകരം ട്രാവിസ് ഹെഡും സ്‌കോട്ട് ബോളണ്ടിന് പകരം അരങ്ങേറ്റക്കാരന്‍ മാത്യു കുന്‍മാനും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ഒരു മാറ്റം മാത്രമാണ് ഇന്ത്യന്‍ ടീമിലുള്ളത്. പരിക്കില്‍ നിന്നും മുക്തനായി മടങ്ങിയെത്തിയ ശ്രേയസ് അയ്യര്‍ ടീമില്‍ ഇടം നേടിയപ്പോള്‍ സൂര്യകുമാര്‍ ടീമിന് പുറത്തായി.

ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്, മാര്‍നസ് ലബുഷാന്‍, ട്രാവിസ് ഹെഡ്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍, മാത്യു കുന്‍മാന്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Content Highlight: Virat Kohli played the first Test in front of his own pavilion

We use cookies to give you the best possible experience. Learn more