| Thursday, 12th September 2024, 9:50 pm

ലോകത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട താരം... തെരഞ്ഞെടുത്ത് വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാലാണ് വിരാട് കോഹ്‌ലി. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്നവരില്‍ ഒരാള്‍ കൂടിയാണ് വിരാട്.

എല്ലാവരും ഇഷ്ടപ്പെടുന്ന വിരാട് ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട ക്രിക്കറ്ററെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. 2023ലെ ലോകകപ്പിനിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിരാട് തന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്ററെ കുറിച്ച് തുറന്നുപറഞ്ഞത്.

‘നിലവില്‍ ഈ ലോകത്തിലെ എന്റെ ഏറ്റവും പിയപ്പെട്ട ക്രിക്കറ്റര്‍ ബെന്‍ സ്റ്റോക്‌സാണ്’ വിരാട് മനസുതുറന്നു.

ഇതേ ചോദ്യം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബെന്‍ സ്‌റ്റോക്‌സിനോടും ചോദിച്ചിരുന്നു. രസകരമെന്ന് പറയട്ടെ, വിരാടിനെയാണ് സ്‌റ്റോക്‌സ് തന്റെ പ്രിയ താരമായി തെരഞ്ഞെടുത്തത്.

‘ഞങ്ങളുടെ തലമുറയിലെ അതുല്യമായ താരങ്ങളില്‍ ഒരാളാണ് വിരാട്. അദ്ദേഹത്തിന്റെ എനര്‍ജിയും അവേശവും ഉത്സാഹവുമെല്ലാം തന്നെ മികച്ചതാണ്. വിരാടിനെതിരെ കളിക്കുന്നത് എല്ലായ്‌പ്പോഴും വളരെ മികച്ചതാണ്. അസാധാരണനായ താരം, അവനായി റെക്കോഡുകള്‍ സ്വയം സംസാരിക്കുന്നു,’ സ്‌റ്റോക്‌സ് പറഞ്ഞു.

മോഡേണ്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളും തങ്ങളുടെ അടുത്ത ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കത്തിലാണ്. ഇംഗ്ലണ്ട് പാകിസ്ഥാനിലേക്ക് മൂന്ന് മത്സരങ്ങള്‍ക്കുള്ള ടെസ്റ്റിനായി പര്യടനം നടത്തുമ്പോള്‍ ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനമാണ് വിരാടിന് മുമ്പിലുള്ളത്.

പരിക്കിന്റെ പിടിയലകപ്പെട്ട സ്റ്റോക്‌സ് നിലവില്‍ തിരിച്ചുവരവിന്റെ പാതയിലാണ്.

ദി ഹണ്‍ഡ്രഡിനിടെയാണ് സ്റ്റോക്സിന് പരിക്കേറ്റത്. ടൂര്‍ണമെന്റിലെ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് – നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്സ് മത്സരത്തില്‍ ബാറ്റ് ചെയ്യവെ താരത്തെ ഹാംസ്ട്രിങ് ഇന്‍ജുറി വലയ്ക്കുകയായിരുന്നു.

ഇതിന് പിന്നാലെ ബാറ്റിങ് പൂര്‍ത്തിയാക്കാനാകാതെ സ്റ്റോക്സ് ക്രീസ് വിട്ടിരുന്നു. വിശദമായ പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയതോടെയാണ് സ്റ്റോക്സിന് ശ്രീലങ്കന്‍ സീരീസ് നഷ്ടപ്പെട്ടത്.

Content Highlight: Virat Kohli picks Ben Stokes as his favorite player

We use cookies to give you the best possible experience. Learn more