| Monday, 12th December 2022, 11:06 am

ലോകത്തിലെ മുഴുവന്‍ ആളുകളിലും നിങ്ങള്‍ ചെലുത്തിയ സ്വാധീനം വ്യക്തമാക്കാന്‍ ഒരു ട്രോഫിക്കും സാധ്യമല്ല; റൊണാള്‍ഡോക്കായി വിരാടിന്റെ ട്രിബ്യൂട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോ യോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് പോര്‍ച്ചുഗല്‍ തങ്ങളുടെ ലോകകപ്പ് മോഹങ്ങളോട് വിട ചൊല്ലി മടങ്ങിയിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് എന്ന നിലയില്‍ പോര്‍ച്ചുഗലിനും ആരാധകര്‍ക്കും ഖത്തര്‍ വേള്‍ഡ് കപ്പ് ഏറെ വൈകാരികമായ ഒന്നായിരുന്നു.

എന്നാല്‍ തന്റെ അവസാന ലോകകപ്പില്‍ പോര്‍ച്ചുഗലിനെ കിരീടം ചൂടിക്കണമെന്ന ക്രിസ്റ്റിയാനോയുടെ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടായിരുന്നു ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോ സെമിയില്‍ കടന്നത്.

പോര്‍ച്ചുഗലിനെ തോല്‍പിച്ച് സെമിയില്‍ കടന്നതോടെ ഫിഫ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീം എന്ന ഖ്യാതിയും മൊറോക്കോയെ തേടിയെത്തിയിരുന്നു.

മത്സരത്തില്‍ പരാജയപ്പെട്ട ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് കളം വിട്ട റൊണാള്‍ഡോയുടെ ചിത്രം ഫുട്‌ബോളിനെ തന്നെ ഡിഫൈന്‍ ചെയ്യുന്ന ഒന്നായിരുന്നു.

ഇതിന് പിന്നാലെ തന്റെ ഏററവും പ്രിയപ്പെട്ട താരത്തിന് ട്രിബ്യൂട്ടുമായെത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലി. റൊണാള്‍ഡോ എക്കാലത്തേും മികച്ച ഫുട്‌ബോളറാണെന്നും അദ്ദേഹം ചെലുത്തിയ സ്വാധീനം ഏറെ വലുതാണെന്നും വിരാട് കുറിച്ചു.

ട്വിറ്ററിലൂടെയായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.

‘ഈ സ്‌പോര്‍ട്‌സിന് വേണ്ടിയും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേണ്ടിയും നിങ്ങള്‍ ചെയ്തതൊന്നും ഒരു കിരീടത്തിനോ ട്രോഫിക്കോ ഇല്ലാതാക്കാന്‍ സാധിക്കില്ല. നിങ്ങള്‍ കളിക്കുമ്പോള്‍ അത് ലോകത്തില്‍ ചെലുത്തിയ സ്വാധീനമെന്തെന്ന് വിശദീകരിക്കാന്‍ പോലും സാധിക്കില്ല, അത് ദൈവത്തിന്റെ വരദാനമാണ്,’ വിരാട് കുറിച്ചു.

ഏകപക്ഷീയമായ ഒരു ഗോളിനായാരുന്നു ക്വാര്‍ട്ടറില്‍ ഈ ലോകപ്പിലെ പുത്തന്‍ താരോദയം എന്ന് വിശേഷിപ്പിക്കാവുന്ന മൊറോക്കൊയുടെ വിജയം.

മത്സരത്തിന്റെ 42ാം മിനിട്ടിലാണ് മത്സരത്തിലെ ഏക ഗോള്‍ പിറന്നത്.

യൂസഫ് എന്‍ നെസ്രിയാണ് ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ പോര്‍ച്ചുഗല്‍ വല കുലുക്കിയത്. വൈ.എ. അള്ളായുടെ ലോങ് പാസില്‍ കൃത്യമായി തലവെച്ച നെസ്രിയെ തടുക്കാന്‍ പോര്‍ച്ചുഗലിന്റെ ഗോള്‍കീപ്പര്‍ കോസ്റ്റക്ക് സാധിച്ചില്ല.

ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്റെ രണ്ടാം പകുതി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പോര്‍ച്ചുഗല്‍ കോച്ച് സാന്റോസ് റൊണാള്‍ഡോയെ ഇറക്കിയതോടെ ഗോള്‍ മടക്കാനുള്ള പോര്‍ച്ചുഗലിന്റെ നിരന്തര ശ്രമങ്ങള്‍ആരംഭിച്ചു. എന്നാല്‍ ഒന്നും ഫലം കണ്ടില്ല.

ആദ്യ പകുതിയിലെന്ന പോലെ രണ്ടാം പകുതിയിലും ആധിപത്യം പോര്‍ച്ചുഗലിനായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 74 ശതമാനമായിരുന്നു പറങ്കിപ്പടയുടെ ബോള്‍ പൊസെഷന്‍. എന്നാല്‍ ഒരു ഭൂഖണ്ഡത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും ചുമലിലേറ്റാന്‍ മൊറോക്കോക്ക് ബാക്കിയുള്ള 24 ശതമാനം ബോള്‍ പോസെഷന്‍ ധാരാളമായിരുന്നു.

രണ്ടാം പകുതിയില്‍ മൊറോക്കന്‍ ഗോള്‍മുഖത്തേക്ക് നിരന്തരമാക്രമണമഴിച്ചുവിട്ട പോര്‍ച്ചുഗല്‍ ശ്രമങ്ങള്‍ ഒന്നൊന്നായി പാഴായി.

90 മിനിട്ടിന് ശേഷമുള്ള ഇന്‍ജുറി ടൈമില്‍ മൊറോക്കോ സൂപ്പര്‍ താരം ചെദിര റെഡ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും ആക്രമിച്ചു കളിക്കാന്‍ തന്നെയായിരുന്നു മൊറോക്കോയുമൊരുങ്ങിയത്.

ഈ വിജയത്തോടെ സെമിയില്‍ പ്രവേശിക്കുന്ന മൂന്നാം ടീമാകാനും മൊറോക്കോക്ക് സാധിച്ചു. ഫ്രാന്‍സിനെയാണ് മൊറോക്കോക്ക് നേരിടാനുള്ളത്.

Content Highlight: Virat Kohli pays tribute to Cristiano Ronaldo

We use cookies to give you the best possible experience. Learn more