| Wednesday, 5th October 2022, 11:50 pm

ജീവിച്ചിരുന്നെങ്കില്‍ നേരില്‍ ചെന്ന് കാണുമായിരുന്നു; ഇതിഹാസ കലാകാരന്റെ ബംഗ്ലാവില്‍ റെസ്റ്റോറന്റ് തുടങ്ങി വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റര്‍ എന്നതിന് പുറമേ സ്വന്തമായി റെസ്റ്റോറന്റ് ശൃംഖലയുമുള്ള താരമാണ് വിരാട് കോഹ്‌ലി. വണ്‍8 കമ്യൂണ്‍ എന്ന പേരിലാണ് റെസ്‌റ്റോറന്റ് ശൃംഖല നടത്തുന്നത്. മുംബൈയില്‍ തന്റെ പുതിയ റെസ്റ്റോറന്റ് ശാഖ ആരംഭിച്ചിരിക്കുകയാണ് താരം.

കേവലം റെസ്‌റ്റോറന്റ് എന്നതിനപ്പുറം അന്തരിച്ച പ്രശസ്ത ഗായകന്‍ കിഷോര്‍ കുമാറിന്റെ ബംഗ്ലാവിലാണ് ഈ റസ്‌റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. കോഹ്‌ലിയുടെ ആരാധന പാത്രമായിരുന്നു കിഷോര്‍ കുമാര്‍.

കിഷോര്‍ കുമാറിന്റെ ബംഗ്ലാവില്‍ എന്തുകൊണ്ട് റസ്‌റ്റോറന്റ് തുടങ്ങി എന്ന് കോഹ്‌ലി വിശദീകരിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. വണ്‍8 കമ്യൂണ്‍ എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

തന്റെ സങ്കല്‍പവുമായി ഏറ്റവും യോജിച്ച് നില്‍ക്കുന്നതാണ് കിഷോര്‍ദായുടെ ബംഗ്ലാവെന്ന് കോഹ്‌ലി വീഡിയോയില്‍ പറഞ്ഞു. നടനും അവതാരകനുമായ മനീഷ് പോളും വീഡിയോയില്‍ കോഹ്‌ലിക്കൊപ്പമുണ്ടായിരുന്നു.

വീഡിയോയില്‍ മനീഷ് ഒരു കഥയും പറഞ്ഞു. ‘ഒരിക്കല്‍ ഒരു കുട്ടിയോട് ഒരു ദ്വീപില്‍ ഒറ്റപ്പെട്ട് പോയാല്‍ അത് ആരുടെ ഒപ്പമാവണമെന്ന് ചോദിച്ചു. കിഷോര്‍ ദായോടൊപ്പമാവണമെന്നായിരുന്നു ആ കുട്ടിയുടെ മറുപടി. അത് മറ്റാരുമായിരുന്നില്ല, വിരാടായിരുന്നു,’ മനീഷ് പറഞ്ഞു.

ഈ ബംഗ്ലാവ് ലഭിച്ചത് യാദൃശ്ചികമാണെന്ന് തോന്നുന്നില്ലെന്നും വിരാട് പറഞ്ഞു. ‘അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം എന്നെ വ്യക്തിപരമായി സ്വാധീനിച്ചിരുന്നു. ജീവിച്ചിരുന്നെങ്കില്‍ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് കിഷോര്‍ ദാ. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം അപാരമായിരുന്നു.

എനിക്ക് താല്‍പര്യമില്ലാത്ത ഒന്നും ഞാന്‍ ചെയ്യില്ല. ചെയ്താല്‍ അതില്‍ ശ്രദ്ധ കൊടുക്കണം. അതില്‍ എന്റെ പണവും സമയവും ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. ചില കാര്യങ്ങളില്‍ കൂടുതല്‍ ഫോക്കസ് കൊടുക്കും, പ്രത്യേകിച്ച് ഭക്ഷണത്തില്‍,’ വിരാട് കൂട്ടിച്ചേര്‍ത്തു.

Content Highlight: Virat Kohli opened a restaurant in the legendary singer kishore kumar’s bungalow

We use cookies to give you the best possible experience. Learn more