| Saturday, 4th January 2025, 12:51 pm

വിവേകമുള്ള മനുഷ്യന്‍ തെറ്റില്‍ നിന്നും പഠിക്കും, എന്നാല്‍ ഇത്! മഞ്ജരേക്കര്‍ പറഞ്ഞത് എത്ര ശരി

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ സിഡ്‌നി ടെസ്റ്റില്‍ വീണ്ടും നിരാശപ്പെടുത്തി വിരാട് കോഹ്‌ലി. പരമ്പര സമനിലയിലെത്തിക്കാന്‍ സിഡ്‌നി ടെസ്റ്റ് വിജയിച്ചേ മതിയാകൂ എന്ന സാഹചര്യത്തിലാണ് ഒരേ തെറ്റ് അവര്‍ത്തിച്ച് വിരാട് പുറത്താകുന്നത്. പരമ്പരയിലെ മറ്റ് മത്സരങ്ങളിലേതെന്ന പോലെ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ ബാറ്റ് വെച്ച്, ക്യാച്ച് ഔട്ടായാണ് വിരാട് പുറത്തായത്.

12 പന്തില്‍ ആറ് റണ്‍സ് നേടി നില്‍ക്കവെയാണ് വിരാടിന്റെ മടക്കം. സ്‌കോട് ബോളണ്ട് എറിഞ്ഞ 14ാം ഓവറിലെ ആദ്യ പന്തില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത്.

ആദ്യ ഇന്നിങ്‌സിലും ബോളണ്ട് തന്നെയാണ് വിരാടിനെ മടക്കിയത്. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ എഡ്ജ് ചെയത് ബ്യൂ വെബ്സ്റ്ററിന്റെ കയ്യിലൊതുങ്ങിയാണ് താരം പവലിയനിലേക്ക് തിരിച്ചുനടന്നത്.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒടുവില്‍ പുറത്തായ 30ല്‍ 29 തവണയും ഫീല്‍ഡറുടെയോ വിക്കറ്റ് കീപ്പറുടെയോ കൈകളിലൊതുങ്ങിയാണ് വിരാട് മടങ്ങിയത്. ഒരു തവണ റണ്‍ ഔട്ടാവുകയും ചെയ്തു.

ഓഫ് സ്റ്റംപിന് പുറത്തെറിയുന്ന പന്തില്‍ എഡ്ജ് ചെയ്ത് പുറത്താകുന്ന വിരാടിന്റെ രീതിയെ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഏതൊരു ബൗളറിനും വിരാടിനെ എളുപ്പത്തില്‍ പുറത്താക്കാന്‍ സാധിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നായിരുന്നു മഞ്ജരേക്കറിന്റെ വിമര്‍ശനം. ബൗളര്‍ ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞാല്‍ മാത്രം മതിയെന്നും ബാക്കിയെല്ലാം വിരാട് ചെയ്തുകൊള്ളുമെന്നും മഞ്ജരേക്കര്‍ വിമര്‍ശിച്ചു.

‘വിരാട് കോഹ്‌ലിയുടെ ഏറ്റവും വലിയ ശക്തി തന്നെ ഇപ്പോള്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യമായി മാറിയിരിക്കുന്നു. അവന് കൃത്യമായ രീതിയില്‍ ഇപ്പോള്‍ കവര്‍ ഡ്രൈവുകള്‍ കളിക്കാന്‍ സാധിക്കുന്നില്ല. തന്റെ ഫേവറിറ്റ് ഷോട്ട് കളിക്കാനുള്ള ത്വരയും അവനില്‍ നിന്നും വിട്ടുമാറുന്നില്ല.

ഏതൊരു ബൗളറിനും അധികം ബുദ്ധിമുട്ടാതെ വിരാടിന്റെ വിക്കറ്റ് നേടാം എന്ന സ്ഥിതിവിശേഷങ്ങളിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നത്. ഇതിനായി ബൗളര്‍ ആകെ ചെയ്യേണ്ടത് ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിയുക എന്നത് മാത്രമാണ്. ബാക്കിയെല്ലാം വിരാട് ചെയ്തുകൊള്ളും.

ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ വിരാടിന് സാധിക്കുന്നില്ല എന്നതാണ് ഏറ്റവുമധികം അമ്പരപ്പിക്കുന്നത്. നേരത്തെ പിച്ച് ചെയ്ത് ഉയര്‍ന്നുപൊങ്ങുന്ന പന്തുകളാണ് വിരാടിന് തലവേദന സൃഷ്ടിച്ചിരുന്നത്, ഓഫ് സ്റ്റംപിന് വെളിയില്‍ എറിയുന്ന ഷോര്‍ട്ട് പിച്ച് ഡെലിവെറികള്‍ കളിക്കാനും വിരാടിന് സാധിക്കുമായിരുന്നു. എന്നാലിപ്പോള്‍ ഷോര്‍ട്ട് ഡെലിവെറികള്‍ പോലും വിരാടിന്റെ വിക്കറ്റ് വീഴ്ത്താന്‍ പര്യാപ്തമാണ്,’ മഞ്ജരേക്കര്‍ പറഞ്ഞു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ വിരാടിന്റെ പ്രകടനങ്ങള്‍ ശരാശരിക്കും താഴെയായിരുന്നു. പരമ്പരയില്‍ കളിച്ച ഒമ്പത് ഇന്നിങ്സില്‍ നിന്നും 190 റണ്‍സ് മാത്രമാണ് വിരാടിന് കണ്ടെത്താന്‍ സാധിച്ചത്.

5, 100*, 7, 11, 3, DNB, 36, 5, 17, 6 എന്നിങ്ങനെയാണ് ഈ പരമ്പരയില്‍ വിരാടിന്റെ പ്രകടനം. എല്ലാ മത്സരത്തിലും ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത് എന്നതും ശ്രദ്ധേയമാണ്.

Content highlight: Virat Kohli once again dismissed in Australia’s outside off stump trap

We use cookies to give you the best possible experience. Learn more