2023 ഐ.സി.സി ലോകകപ്പ് പോരാട്ടം ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. പ്രവചനങ്ങള്‍ക്കുമപ്പുറം വന്‍ അട്ടിമറി വിജയങ്ങളാണ് കഴിഞ്ഞ മത്സരങ്ങളില്‍ കാണാന്‍ സാധിച്ചത്.
നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡ് ആണ്. ഇന്ത്യന്‍ മണ്ണില്‍ കളിച്ച നാല് കളിയിലും തോല്‍വിയറിയാതെ എട്ട് പോയിന്റ് സ്വന്തമാക്കിയാണ് കിവികള്‍ ഒന്നാം സ്ഥാനത്തുള്ളത്. 1.923 നെറ്റ് റണ്‍ റേറ്റിലാണ് ന്യൂസിലാന്‍ഡിന്റെ കുതിപ്പ്.
കളിച്ച മൂന്ന് കളിയിലും ജയം സ്വന്തമാക്കി ഇന്ത്യ രണ്ടാം സ്ഥാനത്തുമുണ്ട്. പട്ടികയില്‍ ആറ് പോയിന്റും 1.821 റണ്‍റേറ്റുമാണ് ഇന്ത്യയുടെ പക്കലുള്ളത്.
അട്ടിമറി വിജയങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഒരു ടീമിനേയും വില കുറച്ച് കാണരുത് എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇങ്ങനെ പറഞ്ഞത്.
ലോകകപ്പില്‍ ഫോമിലുള്ള ദക്ഷിണാഫ്രിക്കക്കെതിരെ നെതര്‍ലന്‍ഡ്സ് നേടിയ വന്‍ വിജയവും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചതും അത്ഭുതപ്പെടുത്തുന്നതാണെന്ന് കോഹ്‌ലി അഭിപ്രായപ്പെട്ടു.
‘ലോകകപ്പില്‍ ചെറുതോ വലുതോ ആയ ടീമുകളില്ല. നിങ്ങള്‍ വലിയ ടീമുകളെ മാത്രം ലക്ഷ്യം വെക്കുന്നത് അസ്വസ്ഥത സൃഷ്ടിക്കും.’ കോഹ്‌ലി സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 43 ഓവറില്‍ 245 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു.
ഇംഗ്ലണ്ടിനെതിരെ അഫ്ഗാന്‍ 284 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാര്‍ 215 റണ്‍സിനും ഓള്‍ ഔട്ടാവുകയായിരുന്നു.
പൂനെയില്‍ നടക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ബംഗ്ലാദേശ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഷാകിബ് അല്‍ ഹസനെക്കുറിച്ചും കോഹ്‌ലി സംസാരിച്ചിരുന്നു.
അസാധാരണ നിയന്ത്രണവും നല്ല പരിചയസമ്പന്നതയും നൈപുണ്യവുമുള്ള ബൗളറാണ് ഷാകിബ് എന്നും അദ്ദേഹത്തെ പോലുള്ള താരങ്ങളെ വിലകുറച്ച് കാണരുതെന്നും താരം പറഞ്ഞു.
ഇതിന് പിന്നാലെ വിരാട് കോഹ് ലിയെ പ്രശംസിച്ച് ഷാകിബും സംസാരിച്ചിരുന്നു.
”മോഡേണ്‍ ക്രിക്കറ്റിലെ മികച്ച ബാറ്ററാണ് കോഹ്‌ലി. അദ്ദേഹത്തെ അഞ്ച് തവണ പുറത്താക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു. ഇനിയും അദ്ദേഹത്തിന്റെ വിക്കറ്റ് എടുക്കുന്നത് എനിക്ക് സന്തോഷമാണ്.’ ഷാകിബ് പറഞ്ഞു.
Content highlight: Virat Kohli on World Cup Teams