മറ്റൊരു ചരിത്രനേട്ടത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ വിരാട് പുതിയ റെക്കോഡാണ് വിരാടിനെ തേടിയെത്തുന്നത്. ഇന്ത്യക്കായി 500 ടെസ്റ്റ് മത്സരം കളിക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് വിരാട് ചെന്നെത്തുന്നത്.
നിലവില്‍ 499 മത്സരത്തില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയ വിരാടിന് ജൂലൈ 20ന് പുതിയ നേട്ടവും സ്വന്തമാകും.
വിരാടിന് മുമ്പ് വെറും മൂന്നേ മൂന്ന് താരങ്ങള്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ക്രിക്കറ്റ് ലെജന്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ പട്ടികയില്‍ ലീഡ് ചെയ്യുന്നത്. 664 മത്സരത്തിലാണ് അദ്ദേഹം ഇന്ത്യക്ക് വേണ്ടി ബാറ്റേന്തിയത്. മുന്‍ നായകന്‍ എം.എസ്. ധോണി, ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്. യഥാക്രമം 538, 509 മത്സരങ്ങളാണ് ഇരുവരും കളിച്ചത്.
ക്യൂന്‍സ് ഓവല്‍ ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കുന്നതോടെ ലോങ്ങര്‍ ഫോര്‍മാറ്റില്‍ 500 മത്സരം തികയ്ക്കുന്ന പത്താമത് താരം എന്ന അത്യപൂര്‍വ റെക്കോഡും വിരാടിന് സ്വന്തമാകും.
പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തന്നെ മറ്റൊരു നേട്ടവും വിരാട് സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കായി ഏറ്റവുമധികം വിജയത്തില്‍ പങ്കാളിയാകുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തിയാണ് വിരാട് റെക്കോഡിട്ടത്. ധോണിയെ മറികടന്നുകൊണ്ടാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്.
296 തവണയാണ് വിരാട് ഇന്ത്യന്‍ ടീമിനൊപ്പം റെഡ്ബോള്‍ ഫോര്‍മാറ്റില്‍ വിജയം സ്വന്തമാക്കിയത്. ധോണിയേക്കാള്‍ ഒരു വിജയം കൂടുതലാണിത്.
ഈ റെക്കോഡ് നേട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് വിരാടിന് മുമ്പിലുള്ളത്. തന്റെ കരിയറില്‍ 307 തവണയാണ് അദ്ദേഹം ഇന്ത്യക്കൊപ്പം ലോങ്ങര്‍ ഫോര്‍മാറ്റില്‍ വിജയം കൊയ്തത്. ദേശീയ ടീമിനൊപ്പം ഇനി 11 ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ചാല്‍ വിരാടിന് സച്ചിനൊപ്പമെത്താനും 12ാം മത്സരത്തില്‍ വിജയിക്കുന്നതോടെ അദ്ദേഹത്തെ മറികടക്കാനും സാധിക്കും.
ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇന്നിങ്‌സിനും 141 റണ്‍സിനുമാണ് രോഹിത്തും സംഘവും കരീബിയന്‍ പടയെ തകര്‍ത്തെറിഞ്ഞത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് 150 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അശ്വിന്‍ തുടങ്ങിവെച്ച വിക്കറ്റ് വേട്ട ബാക്കിയുള്ളവര്‍ ചേര്‍ന്ന് പൂര്‍ത്തിയാക്കിയപ്പോള്‍ വിന്‍ഡീസ് വീണു.
അശ്വിന്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ജഡേജ മൂന്ന് വിക്കറ്റും നേടി. മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് മറ്റ് വിക്കറ്റ് വേട്ടക്കാര്‍.
ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിറങ്ങിയ ഇന്ത്യ 421 ന് അഞ്ച് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
271 റണ്‍സിന്റെ കടവുമായി ഇറങ്ങിയ വിന്‍ഡീസ് വെറും 130 റണ്‍സിന് ഓള്‍ ഔട്ടായി. അശ്വിന്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ ജഡേജ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
ജൂലൈ 20നാണ് പരമ്പരയിലെ രണ്ടാം മത്സരം. ക്യൂന്‍സ് പാര്‍ക് ഓവലാണ് വേദി.
Content Highlight: Virat Kohli on the verge of joining an elite list