ഹൈദരാബാദ്: മുന്നില്‍ നിന്നു നയിച്ച് ടീം ഇന്ത്യയെ വിജയത്തിലെത്തിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വിജയാഘോഷം മാത്രമല്ല, മറ്റൊരു പ്രവൃത്തി കൂടി സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. മിഡ് ഓണിലേക്ക് സിക്‌സറടിച്ച ശേഷം കോഹ്‌ലി നടത്തിയ ‘നോട്ട്ബുക്ക് ആക്ഷന്‍’ ആണ് ചര്‍ച്ചയായിരിക്കുന്നത്.
യഥാര്‍ഥത്തില്‍ എതിര്‍ താരത്തെ നോട്ട്ബുക്കില്‍ എഴുതിക്കാണിക്കുന്ന ആക്ഷന്‍ കൊണ്ട് പ്രകോപിപ്പിക്കുന്ന താരം വെസ്റ്റ് ഇന്‍ഡീസ് നിരയിലാണുള്ളത്, ക്രെസിക് വില്യംസ്. തോളുകൊണ്ട് ഇടിക്കാന്‍ നോക്കിയും പ്രകോപനപരമായി സംസാരിച്ചും വില്യംസ് കോഹ്‌ലിയുമായൊന്നു മുട്ടാന്‍ നോക്കി.
എന്നാല്‍ അതിന് സിക്‌സറിലൂടെയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ മറുപടി. നോട്ട്ബുക്കില്‍ എഴുതിത്തന്നെ ക്യാപ്റ്റന്‍ വില്യംസിനു മറുപടി നല്‍കി. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച നിമിഷമെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. മറ്റൊരാള്‍ ‘മാരി ടു’വിലെ ധനുഷിന്റെ ഡയലോഗാണ് ട്വീറ്റ് ചെയ്തത്- ‘ഇഫ് യൂ ആര്‍ ബാഡ്, ദെന്‍ അയാം യുവര്‍ ഡാഡ്’.
നിങ്ങള്‍ക്കു ജയിക്കുകയോ, കുറഞ്ഞത് ഒരു നല്ല മത്സരം കളിക്കുകയോ ചെയ്യണമെന്നുണ്ടെങ്കില്‍ വിരാട് കോഹ്‌ലിയെ പ്രകോപിപ്പിക്കാതിരിക്കുക എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.
ഒരറ്റത്ത് നിന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ച വിരാട് കോഹ്ലിക്ക് (94) ആറ് റണ്‍സിനാണ് സെഞ്ചുറി നഷ്ടമായത്. എന്നാല്‍ മത്സരം വിജയിച്ച ശേഷം രണ്ട് കൈകളും ആകാശത്തേക്കുയര്‍ത്തി സെഞ്ചുറി നേടുമ്പോള്‍ നടത്തുന്ന ആഹ്ലാദ പ്രകടനമാണ് കോഹ്ലി നടത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
50 പന്തില്‍ ആറ് ഫോറും ആറ് സിക്സറും അടക്കമാണ് കോഹ്ലിയുടെ മിന്നല്‍ പ്രകടനം. 19-ാം ഓവറിലെ നാലാം പന്തില്‍ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ അടിച്ചായിരുന്നു കോഹ്ലി ഇന്ത്യയെ വിജയത്തിലെത്തിച്ചത്.