ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഓരോ വിജയവുമായി ഒപ്പത്തിനൊപ്പമാണ്.
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ ചരിത്ര വിജയം നേടിയ ഇന്ത്യ അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ പത്ത് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തിരുന്നു. ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ പരാജയത്തിന് കാരണമായത്.
പെര്‍ത്തില്‍ സെഞ്ച്വറി നേടി വിരാട് ഫോമിലേക്ക് മടങ്ങിയെത്തിയത് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താക്കുന്നതായിരുന്നു അഡ്‌ലെയ്ഡില്‍ വിരാടിന്റെ പ്രകടനം.
ആദ്യ ഇന്നിങ്‌സില്‍ ഏഴ് റണ്‍സിന് മടങ്ങിയ വിരാട് രണ്ടാം ഇന്നിങ്‌സില്‍ 11 റണ്‍സിനും പുറത്തായി. ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ വിരാടിന്റെ ഗംഭീര തിരിച്ചുവരവിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഗാബയില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ വിരാടിനെ ഒരു ചരിത്ര നേട്ടവും കാത്തിരിക്കുന്നുണ്ട്. ഇതിനായി വിരാട് മത്സരത്തില്‍ ഒരു സെഞ്ച്വറി നേടണം.
ഓസ്‌ട്രേലിയയിലെ പ്രധാനപ്പെട്ട അഞ്ച് സ്റ്റേഡിയത്തിലും സെഞ്ച്വറി നേടുന്ന വിസിറ്റിങ് ബാറ്ററെന്ന റെക്കോഡ് നേട്ടമാണ് വിരാടിന് മുമ്പിലുള്ളത്. സിഡ്‌നി, പെര്‍ത്ത്, അഡ്‌ലെയ്ഡ്, മെല്‍ബണ്‍ സ്റ്റേഡിയങ്ങളില്‍ ഇതിനോടകം സെഞ്ച്വറി നേടിയ വിരാടിന് മുമ്പില്‍ ഇനി ബ്രിസ്‌ബെയ്‌നിലെ ഗാബ മാത്രമാണ് ശേഷിക്കുന്നത്.
അഡ്‌ലെയ്ഡ് ഓവലില്‍ മൂന്ന് സെഞ്ച്വറി നേടിയ വിരാട്, പെര്‍ത്തില്‍ രണ്ട് സെഞ്ച്വറിയും നേടി. മറ്റ് രണ്ട് സ്റ്റേഡിയത്തിലും ഓരോ സെഞ്ച്വറികള്‍ വീതമാണ് വിരാട് നേടിയത്.
ഇതുവരെ രണ്ടേ രണ്ട് വിസിറ്റിങ് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് ഈ റെക്കോഡ് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറും ഇംഗ്ലണ്ട് ലെജന്‍ഡ് അലസ്റ്റര്‍ കുക്കും.
മേല്‍ പരാമര്‍ശിച്ച അഞ്ച് സ്റ്റേഡിയങ്ങളിലും ഗാവാസ്‌കറിന്റെ ബാറ്റ് ചരിത്ര സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പെര്‍ത്ത്, മെല്‍ബണ്‍, ബ്രിസ്‌ബെയ്ന്‍ സ്റ്റേഡിയങ്ങളില്‍ 1977ലാണ് ഗവാസ്‌കര്‍ സെഞ്ച്വറി നേടിയത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 1985ലാണ് അഡ്‌ലെയ്ഡിലും സിഡ്‌നിയിലും ഗവാസ്‌കര്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ ഡിജിറ്റ് തൊട്ടത്.
2006ലാണ് കുക്ക് പെര്‍ത്തില്‍ സെഞ്ച്വറിയടിക്കുന്നത്. 2010-11ലെ ആഷസ് പരമ്പരയില്‍ ബ്രിസ്‌ബെയ്ന്‍, അഡ്‌ലെയ്ഡ്, സിഡ്‌നി സ്റ്റേഡിയത്തിലും കുക്ക് സെഞ്ച്വറി നേടി. 2017ലാണ് മെല്‍ബണില്‍ കുക്ക് സെഞ്ച്വറി സ്വന്തമാക്കുന്നത്.
ഡിസംബര്‍ 14 മുതലാണ് ബ്രിസ്‌ബെയ്‌നില്‍ മൂന്നാം മത്സരം ആരംഭിക്കുന്നത്. പരമ്പരയില്‍ ലീഡ് നേടുന്നതിനൊപ്പം തന്നെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ തിരിച്ചുവരവ് കൂടിയാണ് ഇന്ത്യ ഗാബയില്‍ ലക്ഷ്യമിടുന്നത്.
Content Highlight: Virat Kohli needs one more century to become the player to score a century in five major stadiums in Australia.