അപ്പോ എങ്ങനെയാ, ആറ് റണ്ണെടുക്കുകയല്ലേ... ചരിത്ര നേട്ടത്തിനൊരുങ്ങി വിരാട്
Sports News
അപ്പോ എങ്ങനെയാ, ആറ് റണ്ണെടുക്കുകയല്ലേ... ചരിത്ര നേട്ടത്തിനൊരുങ്ങി വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th March 2024, 10:05 am

ഐ.പി.എല്‍ 2024ന് ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണുള്ളത്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്.

ഈ മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ നായകനും ആര്‍.സി.ബി നായകനുമായിരുന്ന വിരാട് കോഹ്‌ലിയെ ഒരു തകര്‍പ്പന്‍ നേട്ടം കാത്തിരിക്കുന്നുണ്ട്. ടി-20 ഫോര്‍മാറ്റില്‍ 12,000 റണ്‍സ് എന്ന കരിയല്‍ മൈല്‍സ്‌റ്റോണാണ് വിരാടിന് മുമ്പിലുള്ളത്.

വരും മത്സരങ്ങളില്‍ നിന്നും വെറും ആറ് റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ ഈ ഐതിഹാസിക നേട്ടത്തില്‍ വിരാടിന്റെ പേരും എഴുതിവെക്കപ്പെടും. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത് മാത്രം താരമെന്ന നേട്ടവും ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡും ഇതോടെ ഇന്ത്യന്‍ ലെജന്‍ഡ് സ്വന്തമാക്കും.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – റണ്‍സ് എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 14,562

ഷോയ്ബ് മാലിക് – 13,010

കെയ്റോണ്‍ പൊള്ളാര്‍ഡ് – 12,454

അലക്സ് ഹെയ്ല്‍സ് – 12,277

ഡേവിഡ് വാര്‍ണര്‍ – 12,065

വിരാട് കോഹ്‌ലി – 11,994

ആരോണ്‍ ഫിഞ്ച് – 11,454

രോഹിത് ശര്‍മ – 11,156

2007ലാണ് വിരാട് ടി-20 കളിച്ചുതുടങ്ങിയത്. അന്നു മുതല്‍ ഇന്ന് വരെ 359 ഇന്നിങ്സില്‍ നിന്നും 11,994 റണ്‍സാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ വിരാട് തന്റെ പേരില്‍ കുറിച്ചത്.

41.21 എന്ന ശരാശരിയിലും 133.42 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് വിരാട് റണ്‍സടിച്ചുകൂട്ടിയത്. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 122 റണ്‍സാണ് മികച്ച സ്‌കോര്‍.

ടി-20 ഫോര്‍മാറ്റില്‍ എട്ട് തവണ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് 91 ഫിഫ്റ്റിയും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 1074 ബൗണ്ടറികളും 371 സിക്സറുകളുമാണ് ടി-20യില്‍ വിരാടിന്റെ സമ്പാദ്യം.

ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ദേശീയ ടീമിനും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും ആഭ്യന്തര തലത്തില്‍ ദല്‍ഹിക്കുമടക്കം നാല് ടീമുകള്‍ക്ക് വേണ്ടി മാത്രമാണ് വിരാട് ബാറ്റേന്തിയിട്ടുള്ളത്.

ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ (14,562 റണ്‍സ്) ഐ.പി.എല്ലും സി.പി.എല്ലും, ബി.പി.എല്ലും ബി.ബി.എല്ലും അടക്കം വിവിധ ഫ്രാസൈി ലീഗുകളിലായി 32 ടീമുകള്‍ക്കായും രണ്ടാം സ്ഥാനത്തുള്ള ഷോയ്ബ് മാലിക് (13,010 റണ്‍സ്) 28 ടീമുകള്‍ക്ക് വേണ്ടി ബാറ്റേന്തിയിട്ടുണ്ട് എന്ന് വ്യക്തമാകുമ്പോഴാണ് വിരാടിന്റെ ഈ നേട്ടത്തിന് പ്രസക്തിയേറുന്നത്.

ഒരുപക്ഷേ മറ്റ് ടി-20 ലീഗുകളിലും കളിച്ചിരുന്നെങ്കില്‍ വിരാട് ഈ നേട്ടം ഏറെ നാളുകള്‍ക്ക് മുമ്പ് തന്നെ ഇന്ത്യന്‍ ലെജന്‍ഡിന്റെ പേരില്‍ കുറിക്കപ്പെടുമായിരുന്നു.

ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും വിരാടിനെ തേടിയെത്തും ടി-20 ഫോര്‍മാറ്റില്‍ 12,000 റണ്‍സും അന്താരാഷ്ട്ര ടി-20യില്‍ 4,000 റണ്‍സും നേടുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന നേട്ടമാകും വിരാടിന്റെ പേരില്‍ കുറിക്കപ്പെടുക.

ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ കോഹ്‌ലിക്ക് ഇനിയും കിരീടം നേടാന്‍ സാധിച്ചിട്ടില്ല. ഈ ഐതിഹാസിക നേട്ടത്തിന് പുറമെ വിരാടിന്റെ കിരീടനേട്ടവും ആരാധകര്‍ അത്രമേല്‍ ആഗ്രഹിക്കുന്നുണ്ട്.

 

Content highlight: Virat Kohli needs 6 runs to complete 12,000 T20 runs